ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യ ബി ടീമിനെതിരായ മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിലും ഭേദപ്പെട്ട പ്രകടനവുമായി സഞ്ജു സാംസൺ. 53 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 45 റൺസെടുത്ത് സഞ്ജു പുറത്തായി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടിയിരുന്നു. സഞ്ജുവിൻ്റെ മികവിൽ ഇന്ത്യ ഡി ഒന്നാമിന്നിംഗ്സിൽ 349 റൺസാണ് നേടിയത്. മറുപടിയായി ഇന്ത്യ ബി 282 റൺസിന് ഓൾഔട്ടായി.
ആദ്യ ഇന്നിംഗ്സിൽ റൺസെടുക്കാതിരിക്കാൻ കഴിയാതിരുന്ന ഇന്ത്യ ഡി ക്യാപ്റ്റൻ ശ്രേയസ് അയ്യർ രണ്ടാം ഇന്നിംഗ്സിൽ 50 റൺസെടുത്ത് പുറത്തായി. 90 റൺസുമായി ക്രീസിൽ തുടരുന്ന റിക്കി ഭുയിയാണ് ഇന്ത്യ ഡിയ്ക്കായി തിളങ്ങിയ മറ്റൊരു താരം.
ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യ ഡി രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഡിയുടെ ലീഡ് 311 റൺസാണ്. റിക്കി ഭുയിക്കൊപ്പം 28 റൺസുമായി ആകാശ് സെൻഗുപ്തയാണ് ക്രീസിലുള്ളത്. മത്സരത്തിന്റെ അവസാന ദിനമായ ഞായറാഴ്ച അതിവേഗത്തിൽ ലീഡ് ഉയർത്തിയാൽ മാത്രമെ ഇന്ത്യ ഡിയ്ക്ക് വിജയം നേടാനാകൂ.