ഷോര്‍ട്ട് ബോള്‍ ദൗർബല്യം ഏറ്റവും കൂടുതലുണ്ടായിരുന്ന ശ്രേയസ് അയ്യർ അത് മറികടന്ന രീതി മലയാളി താരം സഞ്ജു സാംസൺ മാതൃകയായി സ്വീകരിക്കണമെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സണ്‍. ചാംപ്യൻസ് ട്രോഫി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അയ്യരെ പുകഴ്ത്തി പീറ്റേഴ്‌സണ്‍ രംഗത്തെത്തിയത്.
"ഷോർട്ട് ബോളുകൾ ഒരേ ലൈനിൽ ബാക്ക് ഫൂട്ടില്‍ കളിക്കുന്നതാണ് സഞ്ജുവിന് വിനയാകുന്നത്. ഇങ്ങനെ കളിക്കുമ്പോൾ ഓഫ് സൈഡ് മാത്രം മനസില്‍ കണ്ട് ലെഗ് സ്റ്റംപ് ലൈനിലേക്ക് ഇറങ്ങി കളിക്കേണ്ടി വരുന്നുണ്ട്. മലയാളി താരത്തിന് പുള്‍ ഷോട്ടില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കാത്തത് അതുകൊണ്ടാണ്. എന്നാൽ ശ്രേയസ് അയ്യർ ക്രീസില്‍ നിന്ന് അല്‍പ്പം പിന്നോട്ട് നിന്ന് കളിച്ചാണ് ഈ പ്രതിസന്ധി മറികടക്കുന്നത്. അതിനാൽ അദ്ദേഹത്തിന് ഷോട്ട് കളിക്കാൻ കൂടുതൽ സമയവും ലഭിക്കുന്നുണ്ട്," പീറ്റേഴ്‌സണ്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നായി ശ്രേയസ് 181 റൺസാണ് വാരിയത്. ചാംപ്യന്‍സ് ട്രോഫിയില്‍ നാലാം നമ്പറില്‍ ഫോമിലുള്ള ശ്രേയസ് അയ്യര്‍ക്കാണ് ഇന്ത്യ അവസരം നല്‍കുക. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിൽ തിളങ്ങാൻ സഞ്ജു പരാജയപ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് 51 റൺസാണ് മലയാളി താരം നേടിയത്. എല്ലാ മത്സരങ്ങളിലും ഷോർട്ട് ബോളിലാണ് സഞ്ജു പുറത്തായത്.