ക്രിസ്തുമസിന് സാന്‍റായെ വാടകയ്ക്ക് കിട്ടുന്നതിനെ പറ്റി ആലോചിട്ടുണ്ടോ? എന്നാൽ ജർമനിയെ ബെർലിനില്‍ അത് സാധ്യമാണ്. ക്രിസ്തുമസ് ഈവിലാണ് ഒരു ദിവസത്തേക്ക് ഒരു പ്രൊഫഷണല്‍ സാന്‍റായെ വാടകയ്ക്ക് കിട്ടുന്നത്. കഴിഞ്ഞ 20 വർഷങ്ങളായി ബെർലിനിലെ സാന്‍റാ ഹെഡ്ക്വാർട്ടേഴ്സ് ആണ് സാന്‍റാകളെ വാടകയ്ക്ക് കൊടുക്കുന്നുണ്ട്. ജർമന്‍കാരുടെ ക്രിസ്തുമസ് ഈവായ ഡിസംബർ 24 ആണ് ആഘോഷരാവ്.
അന്ന് ബ്രാന്‍ഡന്‍ബർഗ് ഗേറ്റിനുമുന്നില്‍ പാപ്പാമാർ ഒത്തുകൂടും. വെറും സാന്‍റാകളല്ല, പരിശീലനം കിട്ടിയ പ്രൊഫഷണല്‍ ക്രിസ്തുമസ് പാപ്പാമാർ. ബെർലിനിലെ ഏതൊരുവീട്ടിലേക്കും ഈ സാന്‍റാക്ലോസിനെ എത്തിക്കാം. 65 യൂറോയാണ് ഒരുദിവസത്തെ വാടക. കുട്ടികള്‍ക്കുള്ള സമ്മാനപൊതികളുമായി പറയുന്ന സമയത്ത് വീട്ടുമുറ്റത്തുണ്ടാകും സാന്‍റ. നല്ല പ്രവൃത്തിപരിചയമുള്ള സാന്‍റായെ വേണമെങ്കില്‍ 85 യൂറോ കൊടുക്കണം. ഇനി സാന്‍റായ്ക്ക് ഒപ്പം ഒരു മാലാഖ കൂടി വേണമോ. 96 യൂറോ ചെലവ് വരും.
ജർമനിയില്‍ ഈ പരിപാടി നല്ല പ്രചാരം നേടിയതോടെ ആവശ്യക്കാരേറിയെന്നാണ് സാന്‍റാകളുടെ തലവന്‍ ആന്‍ഡ്രൂസ് പാപ്പ പറയുന്നത്. ആളെ തികയാതെ വരുമ്പോള്‍ നെട്ടോട്ടമോടുന്ന സാന്‍റാകള്‍ ക്ഷീണിച്ചുവരികയാണെന്നും തമാശയായി അദ്ദേഹം പറയുന്നു. എന്നാല്‍ പുതിയ റിക്രൂട്ട്മെന്‍റുകള്‍ നടത്തുന്നതിന് വെല്ലുവിളികളുണ്ട്. ഈ സീസണല്‍ തൊഴിലുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നതാണ് കാരണം.
അതിലൊന്ന് മതപ്രചാരണത്തിനുള്ള മാർഗമായി പലരും ഇതിനെകാണുന്നു എന്നുള്ളതാണ്. സാന്‍റാ ഹെഡ്ക്വാർട്ടേഴ്സിന് അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ. ക്രിസ്തുമസ് പാപ്പാമാരുടെ ഒരേയൊരു ലക്ഷ്യം കുട്ടികളെ സന്തോഷിപ്പിക്കുകയാണ്. അവരുടെ കുട്ടിക്കാലത്തില്‍ കൗതുകം പകരുകയാണ്. അതിനോട് താത്പര്യമുള്ളവർക്കേ ഒരു യഥാർഥ സാന്‍റാ ക്ലോസ് ആകാന്‍ കഴിയൂ.