വി.ഡി. സതീശനു വേണ്ടിയാണ് എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതെന്ന് പി.വി. അന്‍വർ എംഎല്‍എ. ഈ കാര്യം താന്‍ വെളിപ്പെടുത്തുമെന്ന് ഭയന്നാണ് സതീശന്‍ മുന്‍കൂട്ടി സിപിഎം ബന്ധം ആരോപിച്ചതെന്നും അന്‍വർ പറഞ്ഞു. പുനർജനി കേസില്‍ വി.ഡി. സതീശനെ എഡിജിപി സഹായിച്ചെന്നും അന്‍വർ ആരോപിച്ചു.
2018ലെ പ്രളയത്തിനു ശേഷം പറവൂർ മണ്ഡലത്തില്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനർജനി. പദ്ധതിക്കായി വിദേശത്ത് നിന്നും പറവൂർ എംഎല്‍എ വി.ഡി. സതീശന്‍ പണം വാങ്ങിയെന്നും അത് വിനിയോഗിച്ചില്ലെന്നുമായിരുന്നു ആരോപണം. വിദേശത്ത് നിന്നും പണം സമാഹരിച്ചതില്‍ അഴിമതി ആരോപിച്ച് സിപിഐ നേതാവ് പി. രാജു പരാതി നല്‍കിയിരുന്നു.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി കൂടിക്കാഴ്ച നടത്തിയതായി എഡിജിപി എം.ആർ അജിത് കുമാർ സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചത്. സ്വകാര്യ സന്ദർശനം ആയിരുന്നെന്നാണ് വിശദീകരണം.
അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ അൻവറിന്‍റെ മൊഴി ഇന്നാണ് അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. മൊഴിയെടുക്കാൻ തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മലപ്പുറം ഗസ്റ്റ് ഹൗസിലെത്തി.