NEWSROOM

'താൻ മാഫിയ ബന്ധമുള്ളയാളല്ല"; പരാതിക്കാരൻ്റെ വീട്ടിൽ അമ്മയ്‌ക്കൊപ്പം സത്യാഗ്രഹമിരുന്ന് പ്രമോദ് കോട്ടൂളി

നടപടിയെ കുറിച്ച് വിവരം കിട്ടിയിട്ടില്ലെന്നും, 22 ലക്ഷം രൂപ വാങ്ങിയതാര്, ആർക്ക് കൊടുത്തു എന്നീ വിവരങ്ങൾ തെളിവു സഹിതം ബോധ്യപെടുത്തണം എന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ശ്രീജിത്തിന്റെ വീടിന് മുന്നിലെ സത്യാഗ്രഹ സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി പ്രമോദ് കോട്ടൂളി. അമ്മയുടെ ശാരീരികാവസ്ഥ കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് കോട്ടൂളി പറഞ്ഞു. താൻ മാഫിയ ബന്ധമുള്ളയാളല്ലെന്ന് അമ്മയെയും മകനെയും ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സമരം നാളെ പുനരാരംഭിക്കുമെന്നും പ്രമോദ് കൂട്ടിച്ചേർത്തു.

പിഎസ്‌സി കോഴ വിവാദത്തിൽ പാർട്ടി നടപടി നേരിട്ട പ്രമോദ് കോട്ടൂളി പരാതിക്കാരനായ ശ്രീജിത്തിന്റെ വീട്ടിൽ അമ്മയ്‌ക്കൊപ്പം സത്യാഗ്രഹം ഇരിക്കുകയായിരുന്നു. ശ്രീജിത്ത്‌ തന്റെ ഭാര്യയുടെ സഹോദരന്റെ സുഹൃത്താണെന്നും ആദ്യമായാണ് ശ്രീജിത്തിന്റെ വീട്ടിൽ പോവുന്നതെന്നും പ്രമോദ് വ്യക്തമാക്കി.

വിവാദത്തിൽ സിപിഎം നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് പരാതിക്കാരനായ ശ്രീജിത്തിൻ്റെ വീടിന് പുറത്ത് അമ്മയ്ക്കും മകനോടുമൊപ്പം സത്യാ​ഗ്രഹമിരുന്നുകൊണ്ട് പ്രമോദ് മാധ്യമങ്ങളോട് പ്രതികരിച്ചത്. "നടപടിയെ കുറിച്ച് വിവരം കിട്ടിയിട്ടില്ല. 22 ലക്ഷം രൂപ വാങ്ങിയതാര്? ആർക്ക് കൊടുത്തു? എന്നീ വിവരങ്ങൾ തെളിവുസഹിതം ബോധ്യപെടുത്തണം. താൻ കോഴ വാങ്ങിയിട്ടില്ല. ആരുടെ അടുത്ത് നിന്നെങ്കിലും കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ അത് ബോധ്യപെടുത്തണം," പ്രമോദ് കോട്ടൂളി പറഞ്ഞു.

കഴിഞ്ഞ അഞ്ച് ദിവസമായി മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും, താൻ നിയമപരമായി മുന്നോട്ട് പോകുമെന്നും പ്രമോദ് അറിയിച്ചു. "തൻ്റെ നിരപരാധിത്വം അമ്മയെ ബോധ്യപ്പെടുത്തും. തന്നെ നുണ പരിശോധന നടത്താം. പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടതാണ്. പാർട്ടിയെ താൻ തള്ളിപ്പറയില്ല. താനൊരു കമ്മ്യൂണിസ്റ്റാണ്," പ്രമോദ് പറഞ്ഞു. അതേസമയം, മകൻ പണം വാങ്ങിയിട്ടില്ലെന്ന ബോധ്യം ഉണ്ടെന്നും അതിനാലാണ് മകനോടൊപ്പം സത്യാ​ഗ്രഹമിരിക്കാൻ വന്നതെന്നും പ്രമോദിൻ്റെ അമ്മ പറ‍ഞ്ഞു.

സിപിഎമ്മിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പ്രമോദിനെ ശനിയാഴ്ച പാർട്ടി പുറത്താക്കിയിരുന്നു. റിയൽ എസ്റ്റേറ്റ്, ബിനാമി ബന്ധം ആരോപിച്ചാണ് പ്രമോദിനെ പാർട്ടി പുറത്താക്കിയത്. ഇന്ന് ചേർന്ന ജില്ലാ നേതൃ യോഗത്തിലാണ് പ്രമോദ് കോട്ടൂളിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ തീരുമാനം എടുത്തത്. ഉയർന്നു വന്നത് പിഎസ്‌സി അംഗത്വ നിയമന കോഴ ആരോപണമായിരുന്നെങ്കിലും നടപടി റിയൽ എസ്റ്റേറ്റ്, ബിനാമി ബന്ധത്തിലായിരുന്നു.

ഇന്ന് രാവിലെ ഒൻപത് മുതൽ ആരംഭിച്ച സിപിഎമ്മിൻ്റെ ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ അവസാനിച്ചത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ്. അഞ്ച് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം ടൗൺ ഏരിയ കമ്മിറ്റി യോഗവും ചേർന്നു. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഏരിയ കമ്മിറ്റി അംഗങ്ങളെ വിളിച്ച് വരുത്തിയായിരുന്നു യോഗം. യോഗത്തിലേക്ക് പ്രമോദ് കോട്ടൂളിയെ ക്ഷണിച്ചിരുന്നില്ല എന്നത് തന്നെ നടപടിയുണ്ട് എന്ന് ഉറപ്പാക്കുന്നതായിരുന്നു.

തുടർന്ന് പ്രമോദ് കോട്ടൂളിക്കെതിരെയുള്ള നടപടി ജില്ലാ സെക്രട്ടറി പി. മോഹനൻ വാർത്താക്കുറിപ്പിലൂടെ പരസ്യമാക്കി. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും, അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സംഘടനാ ചുമതലകളിൽ നിന്നും നീക്കിയാണ് സിപിഎമ്മിൻ്റെ അച്ചടക്ക നടപടി.


SCROLL FOR NEXT