2034 ലെ ഫിഫ ഫുട്ബോള്‍ ലോകകപ്പിന് വേദിയാകാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ. 2022 ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിനു ശേഷം ഗള്‍ഫ് മേഖലയിലേക്ക് വീണ്ടും ലോക ഫുട്ബോള്‍ മാമാങ്കം എത്തുകയാണ്. ഇതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു.
ഫുട്ബോള്‍ ലോകകപ്പിനായി ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ജനങ്ങള്‍ എത്തുമെന്നതിനാല്‍ സൗദിയില്‍ നിലവിലുള്ള പല നിബന്ധനകളിലും വിട്ടുവീഴ്ചയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു മദ്യനിരോധനം. 73 വര്‍ഷമായി മദ്യനിരോധനമുള്ള രാജ്യമാണ് സൗദി അറേബ്യ.
Also Read: ഗോദയിൽ പൊരിഞ്ഞ പോരാട്ടം! ലോകത്തിലെ ആദ്യ ഹ്യൂമനോയിഡ് റോബോട്ട് ഫൈറ്റിങ്ങ് ടൂർണമെൻ്റിലെ ദൃശ്യങ്ങൾ വൈറൽ
ലോകകപ്പിനോടനുബന്ധിച്ച് ഈ നിരോധനം നീക്കാന്‍ സൗദി ഭരണകൂടം ആലോചിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, അങ്ങനെയൊരു നീക്കമേ നടക്കുന്നില്ലെന്നാണ് സൗദി അറേബ്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുമ്പോള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മദ്യവില്‍പ്പന അനുവദിക്കുന്നതിനെക്കുറിച്ച് സൗദി അധികൃതര്‍ ആലോചിക്കുന്നുവെന്നായിരുന്നു ഒരു വൈന്‍ ബ്ലോഗ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയുടെ സ്രോതസ്സിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല.
റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ സൗദിയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളും ആരംഭിച്ചിരുന്നു. എന്നാല്‍, വാര്‍ത്തയില്‍ വസ്തുതയില്ലെന്നാണ് സൗദി സര്‍ക്കാരിന്റെ വക്താവ് അറിയിച്ചതായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തേ, യുകെയിലെ സൗദി അംബാസിഡറായ ഖാലിദ് ബിന്‍ ബന്ദര്‍ സൗദ് രാജകുമാരനും ലോകകപ്പിനോടനുബന്ധിച്ച് മദ്യനിരോധനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.