സമസ്തയിലെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ വിമര്‍ശനവുമായി സാദിഖലി തങ്ങള്‍. മതപ്രബോധന പരിപാടികളില്‍ പരസ്പരം വിമര്‍ശിക്കുന്നതും കുറ്റപ്പെടുത്തുന്നതും അവസാനിപ്പിക്കണം. സമൂഹം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും, സോഷ്യല്‍ ഓഡിറ്റിങ് നടക്കുന്നുണ്ടെന്ന് ഓര്മ വേണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
തുടര്‍ച്ചയായി ഉണ്ടാകുന്ന വാദപ്രതിവാദങ്ങള്‍ സമൂഹത്തിന് അരോചകമാകുന്നുണ്ടെന്നും, സമൂഹത്തിന് സ്വീകാര്യമാകുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മലപ്പുറം കരുവാരക്കുണ്ടില്‍ നടന്ന ദാറുന്നജാത്ത് ഇസ്ലാമിക് സെന്റിന്റെ പരിപാടിയിലായിരുന്നു സാദിഖലി തങ്ങളുടെ പരാമര്‍ശം പരാമര്‍ശം
ALSO READ: ഐസിയു പീഡനക്കേസ്: അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതിൽ വീഴ്ചയെന്ന് റിപ്പോർട്ട്
'പ്രസംഗങ്ങളും പ്രഭാഷണങ്ങളും ഒക്കെ നടക്കുന്നുണ്ട്. പക്ഷെ അത് പലപ്പോഴും ഇഷ്ടമുള്ളവരെ പ്രശംസിക്കാന്‍ വേണ്ടിയും ഇഷ്ടമില്ലാത്തവരെ വിമര്‍ശിക്കാന്‍ വേണ്ടിയുമാണ് ഉപയോഗിക്കുന്നത്. ഇതല്ലേ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ചെയ്യുന്നത്. നമ്മള് നമ്മളോട് തന്നെ ചെയ്യുന്ന ആത്മവഞ്ചന തിരിച്ചറിയേണ്ടിയിരിക്കുന്നു. തിരുത്താന്‍ നമ്മള് തയ്യാറാകേണ്ടതുണ്ട്. നമ്മള് എല്ലാവരും സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയരാകുന്നുണ്ട്. അത് നമ്മള് മറന്നു പോകുന്നുണ്ട്. സമ്മേളനങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്തുമ്പോഴും സമൂഹം എന്ന് പറയുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. അത് നമ്മള് മറന്നു പോകുന്നുണ്ട്,' സാദിഖലി തങ്ങള്‍ പറഞ്ഞു.
സമസ്തക്കകത്ത് നിന്ന് സാദിഖലി തങ്ങള്‍ക്കെതിരെ ഉമര്‍ ഫൈസി മുക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ക്രിസ്മസ് കേക്ക് വിവാദവുമായി ബന്ധപ്പെട്ടു കൊണ്ടായിരുന്നു തങ്ങള്‍ക്കെതിരായ വിമര്‍ശനം.
എന്നാല്‍ സമസ്ത അധ്യക്ഷനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച മുശാവറ അംഗം മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. സമസ്ത പരിപാടിയില്‍ ലീഗിനെ അനുകൂലിച്ച് സംസാരിച്ചതിനെതിരെയായിരുന്നു നടപടി. അതേസമയം മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡ് ചെയ്തതില്‍ ലീഗ് അതൃപ്തി പരസ്യമാക്കിയിരുന്നു. തീരുമാനം റദ്ദാക്കണമെന്ന് ലീഗ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഉമര്‍ ഫൈസി മുക്കത്തിനെതിരെ നടപടി എടുക്കാത്തതിലും അതൃപ്തി അറിയിച്ചിരുന്നു.