പഹൽഗാം ഭീകരാക്രമണത്തിലൂടെ രാജ്യത്തിൻ്റെ സമാധാനത്തിന് ഭംഗം വന്നിരിക്കുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ല. അക്രമം ആവർത്തിക്കാതിരിക്കാൻ കേന്ദ്രം കശ്മീരി ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണം. കശ്മീരിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവും ഇല്ല. മതങ്ങൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അക്രമകാരികളുടെ മതം അക്രമത്തിൻ്റേത് മാത്രമാണ്. യഥാർത്ഥ മതങ്ങളുമായി അതിന് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തെ തീവ്രവാദികൾ ദുരുപയോഗപ്പെടുത്തുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി അതിനെ നേരിടമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഇന്ത്യയുടെ സ്വസ്ഥജീവിതത്തിനു നേർക്കുള്ള ഹീനമായ കടന്നുകയറ്റമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സമാധാനാന്തരീക്ഷം തകർത്ത് പ്രശ്‌നകലുഷമായ ജീവിതത്തിലേക്ക് കശ്മീരികളെ തള്ളി വിടുകയുമാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യം. ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏര്‍പ്പെടുത്താന്‍ നോര്‍ക്ക റൂട്‌സിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കാശ്മീരില്‍ വിനോദയാത്രയ്ക്കായി എത്തിയിട്ടുള്ള എല്ലാ മലയാളികള്‍ക്കും വേണ്ട സഹായങ്ങള്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ട്.
നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ), 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കശ്മീരില്‍ കുടുങ്ങി പോയ, സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കാം. ഡല്‍ഹിയിലും ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി കേരള ഹൗസിന് നിര്‍ദ്ദേശം നല്‍കി.