NEWSROOM

മണിപ്പൂർ കലാപം: മൂന്നംഗ ജൂഡീഷ്യൽ കമ്മറ്റിയുടെ കാലാവധി നീട്ടി സുപ്രീംകോടതി

ജൂലൈ 15 വരെയായിരുന്നു സമിതിയുടെ കാലാവധി

Author : ന്യൂസ് ഡെസ്ക്

മണിപ്പൂർ കലാപത്തിലെ ഇരകളുടെ നഷ്‌ടപരിഹാരം, പുനരധിവാസം, കേസുകളുടെ അന്വേഷണ മേൽനോട്ടം തുടങ്ങിയവയ്‌ക്കായി സുപ്രീംകോടതി നിയോഗിച്ചിരുന്ന ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ സമിതിയുടെ കാലാവധി നീട്ടി സുപ്രീംകോടതി. ആറ് മാസത്തേക്കാണ് കാലാവധി നീട്ടിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

ജൂലൈ 15 വരെയായിരുന്നു സമിതിയുടെ കാലാവധി. എന്നാൽ, സുപ്രധാന പ്രവർത്തനങ്ങൾ തുടരുകയാണെന്നും, കാലാവധി നീട്ടണമെന്നും സുപ്രീംകോടതിയിൽ സമിതി ആവശ്യപ്പെട്ടതിന് പിന്നാലെ ആറ് മാസത്തേക്ക് കൂടി കാലാവധി നീട്ടുകയായിരുന്നു.

2023 ഓഗസ്റ്റ് ഏഴിനാണ് ജമ്മു കശ്മീർ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ മൂന്ന് റിട്ടയേർഡ് വനിതാ ജഡ്ജിമാരുടെ സമിതി സുപ്രീംകോടതി രൂപീകരിച്ചത്. ഡൽഹി ഹൈക്കോടതിയിൽ നിന്ന് റിട്ടയർ ചെയ്ത മലയാളിയായ ജസ്റ്റിസ് ആശ മേനോൻ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ശാലിനി ജോഷി എന്നിവരാണ് സമിതിയിലെ മറ്റു രണ്ട് അംഗങ്ങൾ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ സ്വഭാവം അന്വേഷിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കാനും ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുമാണ് സമിതിയെ നിയോഗിച്ചത്.


SCROLL FOR NEXT