ഐസിസി ചാംപ്യൻസ് ട്രോഫി ആവേശത്തിൽ സുപ്രീംകോടതിയും. ചീഫ് ജസ്റ്റിസ് നയിച്ച സിജെഐ ഇലവനും അഭിഭാഷക കൂട്ടായ്മയും തമ്മിലായിരുന്നു മത്സരം. ഡൽഹി അരുൺ ജെയ്‌റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞു.
കോടതി മുറികളിൽ വാദ പ്രതിവാദങ്ങൾ കൊണ്ട് പോരടിച്ച സുപ്രീം കോടതിയിലെയും, ഹൈക്കോടതിയിലെയും ജഡ്ജിമാരും അഭിഭാഷകരും ക്രിക്കറ്റ് ആവേശത്തിലാണ്. ഡൽഹി അരുൺ ജെയ്‌റ്റ്ലി സ്റ്റേഡിയത്തിൽ സൂപ്പർ താരങ്ങളായി ജഡ്ജിമാരും അഭിഭാഷകരും മാറിയപ്പോൾ മത്സരത്തിന് വാശിയേറി. സുപ്രീം കോടതി അഡ്വക്കേറ്റ്സ്-ഓൺ-റെക്കോർഡ് അസോസിയേഷനാണ് സംഘടിപ്പിച്ചത്.
ഇരുപത് ഓവർ മത്സരത്തിൽ ആദ്യം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും സംഘവും 126 റൺസ് അടിച്ചെടുത്തു. സിജെഐ ഇലവിനായിറങ്ങിയ മലയാളി ജസ്റ്റിസ് വിശ്വനാഥന്റെ ബാറ്റിൽ നിന്നും വന്ന ക്ലാസിക് ഷോട്ടുകൾ ബൗണ്ടറി കടന്നപ്പോൾ ഗാലറിയിലും ആവേശം. കോടതി മുറിയിൽ തീർപ്പ് കല്പിക്കുന്നത് പോലെ തന്നെ ക്രിക്കറ്റും തനിക്ക് വശമെന്ന് ചീഫ് ജസ്റ്റിസും തെളിയിച്ചു.
വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഭിഭാഷകരുടെ ടീമിനെ 17 ഓവറിൽ 126 റൺസിന് സിജെഐ ഇലവൻ എറിഞ്ഞിട്ടു. ഇതോടെ മത്സരം സമനിലയായി. മത്സരം പുതിയൊരു അനുഭവമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രതികരിച്ചു. 25 റൺസ് നേടി സിജെഐ ഇലവൻ്റെ മലയാളി ജസ്റ്റിസ് കെ. വി. വിശ്വനാഥനാണ് മാച്ചിലെ ടോപ് സ്കോറർ.