NEWSROOM

മണിക്കൂറുകൾ കോളിൽ നിർത്തി, തട്ടിപ്പുകാർ സംസാരിച്ചത് കൺവിൻസിങ് ആയ രീതിയിൽ: മാലാ പാർവതി

ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യണമെന്ന് തിരിച്ചറിഞ്ഞതുപോലും ഇന്നലെയാണെന്നും മാലാ പാർവതി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

വെർച്വൽ അറസ്റ്റിലാണെന്ന് തെറ്റിധരിപ്പിച്ച് പണം തട്ടാൻ നോക്കിയ സംഭവത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി. ആധാർ നമ്പർ ദുരുപയോഗം ചെയ്യപ്പെടുമെന്ന് അറിയില്ലായിരുന്നുവെന്നും ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യണമെന്ന് തിരിച്ചറിഞ്ഞതുപോലും ഇന്നലെയാണെന്നും മാലാ പാർവതി പറഞ്ഞു.

"കൊറിയർ തടഞ്ഞു വെച്ചെന്ന് പറഞ്ഞാണ് ആദ്യം കോൾ വന്നത്. പിന്നീട് മുംബൈ ക്രൈം ബാഞ്ചിൽ നിന്നെന്ന് പറഞ്ഞു മറ്റൊരു നമ്പറിൽ വാട്സ്ആപ് കോൾ ചെയ്യുകയായിരുന്നു. വളരെ കൺവിൻസിങ് ആയ രീതിയിലാണ് തട്ടിപ്പുകാർ സംസാരിച്ചത്. ബാങ്ക് അക്കൗണ്ടിൽ ഹവാല ഇടപാടിൽ പണം വന്നെന്ന് പറഞ്ഞു. MDMA അടക്കമുള്ളവ കടത്തിയതുകൊണ്ടാണ് കൊറിയർ തടഞ്ഞെന്നാണ് അവർ പറഞ്ഞത്. മണിക്കൂറുകൾ എന്നെ കോളിൽ നിർത്തി. പെട്ടെന്ന് കേട്ടപ്പോൾ മരവിച്ചു പോയി"- മാലാ പാർവതി പറഞ്ഞു.

തെറ്റിധാരണയുടെ പേരിലെങ്കിലും മുംബൈ ക്രൈം ബ്രാഞ്ചിന്റെ ലോഗോ നോക്കാൻ തോന്നിയത് ഭാഗ്യമായെന്നും മാലാ പാർവതി വ്യക്തമാക്കി. തന്നെ പറ്റിച്ചവർ വർഷങ്ങൾക്ക് മുൻപ് മറ്റൊരാളെയും കബളിപ്പിച്ചത് ട്വിറ്ററിലും കണ്ടതോടെയാണ് കാര്യങ്ങൾ മനസിലായത്. വാർത്ത വന്നതിന് ശേഷം അവർ ബ്ലോക്ക്‌ ചെയ്തെന്നും മാല പാർവതി അറിയിച്ചു.

മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം മാലാ പാര്‍വതിയെ ഫോണ്‍ വിളിച്ചത്. സംഘം അയച്ചു നല്‍കിയ മുംബൈ പൊലീസിൻ്റെ ഐഡി കാർഡിൽ അശോക സ്തഭം ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് മനസിലായത്. 

SCROLL FOR NEXT