NEWSROOM

പാരമ്പര്യം തുടരാന്‍ ആണ്‍കുട്ടി വേണം; രാം ചരണിന് വീണ്ടും പെണ്‍കുട്ടിയുണ്ടാകുമോ എന്ന് പേടി: ചിരഞ്ജീവി

"വീട്ടിൽ മുഴുവൻ സ്ത്രീകളാണ്, ലേഡീസ് ഹോസ്റ്റലിലെ വാർഡനെ പോലെയാണ് സ്വയം തോന്നാറ്"

Author : ന്യൂസ് ഡെസ്ക്

കുടുംബ പാരമ്പര്യത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ട് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി. ഒരു കൊച്ചുമകന്‍ വേണമെന്ന ആഗ്രഹം തുറന്നു പറഞ്ഞതായിരുന്നു ചിരഞ്ജീവി. എന്നാൽ പറഞ്ഞ രീതിയാണ് വിവാദത്തിന് കാരണമായത്.

തെലുങ്ക് ചിത്രം ബ്രഹ്‌മ ആനന്ദത്തിന്റെ പ്രീ റിലീസ് ചടങ്ങിലായിരുന്നു താരത്തിൻ്റെ പരാമര്‍ശം. ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു ചിരഞ്ജീവി. വീട്ടില്‍ മുഴുവന്‍ സ്ത്രീകളാണെന്നും താനൊരു ലേഡീസ് ഹോസ്റ്റലിലെ വാര്‍ഡനെ പോലെയാണെന്നുമായിരുന്നു ചിരഞ്ജീവി പറഞ്ഞത്. കുടുംബത്തിന്റെ പാരമ്പര്യം തുടരാന്‍ ഒരു കൊച്ചു മകന്‍ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു.

'വീട്ടിലിരിക്കുമ്പോള്‍ കൊച്ചുമക്കളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതു പോലെയല്ല, ലേഡീസ് ഹോസ്റ്റലിലെ വാര്‍ഡനെ പോലെയാണ് തോന്നാറ്. വീട്ടില്‍ മുഴുവന്‍ സ്ത്രീകളാണ്. മകന്‍ രാം ചരണിനോട് ഒരു കൊച്ചു മകനെ തരണമെന്നാണ് ആവശ്യപ്പെടാറ്. എന്നാല്‍ മാത്രമേ കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ടു പോകുകയുള്ളൂ. എന്നാലും രാം ചരണിന്റെ മകള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്'. ചിരഞ്ജീവിയുടെ വാക്കുകള്‍.


മാത്രമല്ല, രാം ചരണിന് വീണ്ടുമൊരു പെണ്‍കുട്ടിയുണ്ടാകുമോ എന്ന് പേടിയുണ്ടെന്ന് കൂടി ചിരഞ്ജീവി പറഞ്ഞു. താരത്തിന്റെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങളാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.

രാം ചരണിനെ കൂടാതെ ശ്രീജ കോനിഡേല, സുശ്മിത കോനിഡേല എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ചിരഞ്ജീവിക്കുള്ളത്. ഇരുവര്‍ക്കുമായി നാല് പെണ്‍കുട്ടികളാണുള്ളത്. രാം ചരണിനും ഭാര്യ ഉപാസനയ്ക്കും 2023 ജൂണിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. ക്ലിന്‍ കാര എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്.

ചിരഞ്ജീവിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. 2025 ലും ഇത്തരം ചിന്താഗതികള്‍ ആളുകള്‍ വെച്ചുപുലര്‍ത്തുന്നല്ലോ എന്നാണ് പല കമന്റുകളും. കാലാഹരണപ്പെടേണ്ട ചിന്താഗതികള്‍ ചിരഞ്ജീവിയെ പോലൊരാള്‍ വെച്ചുപുലര്‍ത്തുന്നത് നിരാശപ്പെടുത്തുന്നതാണ്. പാരമ്പര്യം നിലനിര്‍ത്താന്‍ ആണ്‍കുട്ടി വേണമെന്ന നിര്‍ബന്ധം നിരാശാജനകം മാത്രമല്ല, മാറ്റം ആവശ്യമുള്ള സാമൂഹിക മാനസികാവസ്ഥയുടെ പ്രതിഫലനം കൂടിയാണെന്നും സോഷ്യല്‍മീഡിയ ചൂണ്ടിക്കാട്ടുന്നു.

ചിരഞ്ജീവിയെ പോലെ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശേഷിയുള്ള വ്യക്തിക്ക് തുല്യതയ്ക്കു വേണ്ടിയും പിന്തിരിപ്പന്‍ മൂല്യങ്ങള്‍ ഇല്ലാതാക്കാനും ഇടപെടാമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം തന്നെ പിന്തിരിപ്പന്‍ ആശയങ്ങള്‍ പിന്തുടരുന്ന വ്യക്തിയാണെന്ന് ഒരാള്‍ കമന്റില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ സെലിബ്രിറ്റികള്‍ അല്‍പം കൂടി ജാഗ്രത പുലര്‍ത്തണമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

SCROLL FOR NEXT