തായ്‌ലാൻഡിൽ പഠനയാത്രയ്ക്ക് പോയ സ്കൂൾബസിന് തീപിടിച്ചു. അപകടത്തിൽ 25 പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്കൂൾബസിൽ 38 വിദ്യാർത്ഥികളും ആറ് അധ്യാപകരുമുണ്ടെന്നായിരുന്നെന്നാണ് സൂചന. കംപ്രസ് ചെയ്ത ഗ്യാസ് ഉപയോഗിച്ചാണ് ബസ് ഓടുന്നതെന്നും, ഈ ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
ഉതൈ താനിയിൽ ബാങ്കോക്കിലേക്ക് പഠനയാത്രയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. വടക്കൻ ബാങ്കോക്കിലെ ഹൈവേയിൽ നിന്ന് സ്കൂൾബസിൻ്റെ ടയർ അപ്രതീക്ഷിതമായി പൊട്ടുകയായിരുന്നു. പിന്നാലെ വാഹനം റോഡിലെ ഒരു ബാരിയറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇന്ധന ടാങ്കുകൾക്ക് തീപിടിക്കുകയായിരുന്നു. തീ അണച്ചെങ്കിലും മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്താൻ ബസ് തണുക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നതായാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
അപകടത്തിൽ എത്ര പേർ മരിച്ചെന്ന് വ്യക്തമല്ലെങ്കിലും തീപിടിത്തത്തിന് ശേഷം 25 പേരെ കാണാതായെന്ന് തായ് ഗതാഗത മന്ത്രി സൂര്യ ജങ്‌ഗ്രൻഗ്രാംകിറ്റ് പറഞ്ഞു. ആകെ ഉണ്ടായിരുന്ന 44 യാത്രക്കാരിൽ മൂന്ന് അധ്യാപകരും 16 വിദ്യാർഥികളും രക്ഷപ്പെട്ടെന്നാണ് ഗതാഗത മന്ത്രി അറിയിച്ചത്. എന്നാൽ കാണാതായവരെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.
"ബാങ്കോക്കിലേക്ക് ഫീൽഡ് ട്രിപ്പിനായി യാത്രതിരിച്ച സ്കൂൾബസിന് തീപിടിച്ച സംഭവത്തെ കുറിച്ച് അറിഞ്ഞു. ഒരു അമ്മയെന്ന നിലയിൽ, പരിക്കേറ്റവരുടെയും മരിച്ചവരുടെയും കുടുംബങ്ങളോട് എൻ്റെ അഗാധമായ അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജനപ്രതിനിധി എന്ന നിലയിൽ ഉത്തരവാദിത്തപ്പെട്ടവരോട് സംഭവസ്ഥലത്തെത്താൻ ഉത്തരവിട്ടിട്ടുണ്ട്. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യും," തായ് പ്രധാനമന്ത്രി പറ്റോങ്‌ടർൻ ഷിനവത്ര എക്സിൽ കുറിച്ചു.