NEWSROOM

ലൈംഗിക ആരോപണം: ദീര്‍ഘകാല അവധിയില്‍ പോകാന്‍ സുജിത് കൊടക്കാടനോട് സ്‌കൂള്‍ മാനേജ്‌മെന്റ്

രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്താണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടി

Author : ന്യൂസ് ഡെസ്ക്

ലൈംഗിക ആരോപണം നേരിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സുജിത് കൊടക്കാടനെതിരെ നടപടിയുമായി സ്‌കൂള്‍ അധികൃതര്‍. അധ്യാപകനായ സുജിത്തിനോട് ദീര്‍ഘകാല അവധിയില്‍ പോകാന്‍  ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കി. രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്താണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടി. യുവതികളുടെ ആരോപണം സംബന്ധിച്ച് സുജിത്തിനോട് സ്‌കൂള്‍ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്നും സുജിത്തിനെ പുറത്താക്കുകയായിരുന്നു.

സുജിത് കൊടക്കാടനെതിരെ സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. പാരതിക്ക് പിന്നാലെ പാര്‍ട്ടി അന്വേഷണം നടത്തുകയും അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേരുകയും ചെയ്തു. പിന്നാലെയാണ് സുജിത്തിനെതിരായ നടപടിയെടുത്തത്.

അധ്യാപകന്‍, എഴുത്തുകാരന്‍, വ്‌ലോഗര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സുജിത് കൊടക്കാട്. കഴിഞ്ഞ ദിവസമാണ് പീഡന പരാതിയുമായി യുവതി രംഗത്തെത്തിയത്. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

SCROLL FOR NEXT