പ്രതീകാത്മക ചിത്രം 
NEWSROOM

ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

ചൊവ്വാഴ്ച ഉച്ച ഭക്ഷണത്തിനു ശേഷം ക്ലാസിലെത്തിയ കുട്ടിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

കര്‍ണാടകയില്‍ വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പതിനൊന്ന് വയസ്സുള്ള വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അക്രമത്തിനിരയായത്. ചൊവ്വാഴ്ച ഉച്ച ഭക്ഷണത്തിനു ശേഷം ക്ലാസിലെത്തിയ കുട്ടിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് കുട്ടി ഒറ്റയ്ക്കായിരുന്നു ക്ലാസിലുണ്ടായിരുന്നത്. കുട്ടിയെ ഭീഷണിപ്പെടുത്തി ശബ്ദമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടി കരഞ്ഞതോടെ ഇയാള്‍ സ്‌കൂളില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു.

ഇതോടെ മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രധാനാധ്യാപകനെ സമീപിച്ചു. ഇതിനു ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ അറസ്റ്റിലായത്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ കര്‍ണാടകയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍. ജൂണ്‍ മാസത്തില്‍ പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത് വലിയ വാര്‍ത്തയായിരുന്നു. എട്ട് മാസം ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടി ചികിത്സയ്ക്കിടെ മരിച്ചു. മാസങ്ങളോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായാണ് കണ്ടെത്തല്‍.



SCROLL FOR NEXT