NEWSROOM

വിദ്യാര്‍ഥികളെ വട്ടത്തിലിരുത്തി മദ്യം നല്‍കി; മധ്യപ്രദേശിൽ അധ്യാപകന് സസ്‌പെൻഷൻ

ഇയാൾ സ്ഥിരമായി മദ്യപിച്ച് സ്കൂളിൽ വരാറുണ്ടെന്നും, പല തവണയായി വിദ്യാർഥികൾക്ക് മദ്യം വിളമ്പിയിട്ടുണ്ടെന്നും ആരോപണമുണ്ട്

Author : ന്യൂസ് ഡെസ്ക്

മധ്യപ്രദേശിൽ വിദ്യാര്‍ഥികൾക്ക് മദ്യം നല്‍കിയ അധ്യാപകന് സസ്‌പെൻഷൻ. മധ്യപ്രദേശ് കാന്തി ജില്ലയിലുള്ള ലാല്‍ നവീന്‍ പ്രതാപ് സിങ് എന്ന അധ്യാപകനാണ് കുട്ടികള്‍ക്ക് മദ്യം നല്‍കിയത്. ഖിര്‍ഹാനിയിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍.


നവീന്‍ പ്രതാപ് സിങ് വിദ്യാർഥികളെ വട്ടത്തിലിരുത്തി മദ്യം വിളമ്പുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതിന് പിന്നാലെയാണ് നടപടി. ഇയാൾ സ്ഥിരമായി മദ്യപിച്ച് സ്കൂളിൽ വരാറുണ്ടെന്നും, പല തവണയായി വിദ്യാർഥികൾക്ക് മദ്യം വിളമ്പിയിട്ടുണ്ടെന്നും ആരോപണമുണ്ട്. നവീൻ പ്രതാപ് സിങ് വീണ്ടും കുട്ടികൾക്ക് മദ്യം പങ്കുവെക്കുന്നത് കണ്ടതോടെ, സ്‌കൂളിലെ മറ്റു ജീവനക്കാരിൽ ഒരാൾ വീഡിയോ പകർത്തി പ്രചരിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഒരു മുറിയില്‍ ആറോളം വിദ്യാര്‍ഥികള്‍ക്കൊപ്പമിരുന്നാണ് ലാല്‍ നവീന്‍ പ്രതാപ് മദ്യപാനം നടത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ ഇയാൾ കുട്ടികൾക്ക് കപ്പുകളിൽ മദ്യം നൽകുന്നതായും, കുടിക്കും മുമ്പായി അവരിൽ ഒരാളോട് വെള്ളം കലർത്താൻ പറയുന്നതും കാണാം.



വീഡിയോ വൈറലായതോടെ ജില്ലാ കളക്ടർ ഡോ. ദിലീപ് യാദവാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. മോശം പെരുമാറ്റം, കുട്ടികളെ മദ്യം കുടിക്കാൻ പ്രോത്സാഹിപ്പിക്കൽ, അധ്യാപകന്റെ അന്തസ്സിന് കളങ്കം വരുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി മധ്യപ്രദേശ് സിവിൽ സർവീസസ് ചട്ടങ്ങൾ പ്രകാരം നവീന്‍ പ്രതാപ് സിങ്ങിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.




SCROLL FOR NEXT