ലഹരിക്കെതിരെ ഉപദേശിക്കുന്നവരെ 'തന്ത വൈബ്' എന്ന പരാമർശം കൊണ്ട് പരിഹസിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഏറെ കഴിവുള്ളവർ പോലും ലഹരി ഉപയോഗിക്കുന്നവരിൽ മുൻപന്തിയിലുണ്ട് എന്നുള്ളത് ദുഃഖകരമായ വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് സിറ്റി പൊലീസിൻ്റെ ലഹരി വിരുദ്ധ ക്യാംപെയിനായ 'നോ, നെവർ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ALSO READ: ഓം പ്രകാശ് പ്രതിയായ ലഹരി കേസ്: ഒന്നാം പ്രതി ഷിഹാസിലേക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥനിലേക്കും അന്വേഷണം
കോഴിക്കോട് സിറ്റി പൊലീസിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ 'നോ, നെവർ' ക്യാംപെയിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. സ്കൂളുകൾ, കോളേജുകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കോഴിക്കോട് സിറ്റി പൊലീസ് ഒരു വർഷം നീളുന്ന ക്യാംപെയിൻ സംഘടിപ്പിക്കുന്നത്. ബോധവൽക്കരണം, കൗൺസിലിംഗ്, സെമിനാറുകൾ, തെരുവ് നാടകങ്ങൾ, കലാപരിപാടികൾ എന്നിവയും ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ലഹരി വിരുദ്ധ ക്യാംപെയിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
ലഹരി വിതരണം തടയാനായി പൊലീസ് നിയമ നടപടികൾ കൈക്കൊള്ളുന്നുണ്ട്. എന്നാൽ ലഹരിയുടെ ഡിമാൻഡ് കുറച്ചു കൊണ്ടുവരികയാണ് ഈ ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണൻ പറഞ്ഞു. വരും ദിവസങ്ങളിലും വ്യത്യസ്ത രീതിയിൽ സുസ്ഥിരമായ ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട് സിറ്റി പൊലീസ്.