NEWSROOM

ചേലക്കര ഉപതെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നാളെ

പ്രധാന മുന്നണികളുടേതടക്കം ഒമ്പത് സ്ഥാനാർഥികൾ ചേർന്ന് 16 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നാളെ നടക്കും. പ്രധാന മുന്നണികളുടേതടക്കം ഒമ്പത് സ്ഥാനാർഥികൾ ചേർന്ന് 16 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. ബുധനാഴ്ച വരെയാണ് പത്രിക പിൻവലിക്കുന്നതിനായി സമയം അനുവദിച്ചിട്ടുള്ളത്.

ചേലക്കരയുടെ ജനപ്രതിനിധിയാവാൻ വാശിയേറിയ പോരാട്ടം എൽഡിഎഫിൻ്റേയും യുഡിഎഫിൻ്റെയും സ്ഥാനാർഥികൾ തമ്മിലാണെങ്കിലും, മത്സരിക്കുന്നതിനായി ഇതുവരെ ഒമ്പത് പേരാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും ഡമ്മി സ്ഥാനാർഥികൾ പിൻവാങ്ങിയാൽ ശേഷിക്കുന്നവരുടെ എണ്ണം ഏഴായി ചുരുങ്ങും.

യുഡിഎഫിനായി രമ്യ ഹരിദാസും, എൽഡിഎഫിനായി യു.ആർ. പ്രദീപും, എൻഡിഎക്കായി കെ. ബാലകൃഷ്ണനും മത്സരിക്കുമ്പോൾ, സിപിഎം, ബിജെപി ഡമ്മി സ്ഥാനാർഥികളായ പി.പി. സുനിത, എം.എ. രാജു എന്നിവർ പത്രിക പിൻവലിക്കുമെന്ന കാര്യം ഉറപ്പാണ്. സ്വതന്ത്ര സ്ഥാനാർഥികളായി ഹരിദാസൻ, പന്തളം രാജേന്ദ്രൻ, വിമത സ്ഥാനാർഥിയായ എൻ.കെ. സുധീർ, കെ.ബി. ലിൻഡേഷ് എന്നിവരും നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്.

മുൻ കെപിസിസി സെക്രട്ടറിയായ സുധീറിനെ ഒഴിച്ചുനിർത്തിയാൽ മറ്റു അപരൻമാർ ആരും മത്സര രംഗത്തില്ലെന്നത് എല്ലാ മുന്നണികൾക്കും ഒരുപോലെ ആശ്വാസം പകരുന്ന കാര്യമാണ്. നാളെ നടക്കുന്ന സൂക്ഷ്‌മ പരിശോധന കൂടി പൂർത്തിയായാലും പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസമായ 30ന് മാത്രമെ ചേലക്കരയിലെ തെരഞ്ഞെടുപ്പ് കളത്തിൽ മത്സരത്തിനായി എത്ര പേർ ഉണ്ടെന്ന് അറിയാൻ സാധിക്കുകയുള്ളൂ.

SCROLL FOR NEXT