കാണാതായ അർജുൻ 
NEWSROOM

അനിശ്ചിതത്വം നിറഞ്ഞ ഏഴാംദിനം; അർജുനായുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു

അർജുനായുള്ള തെരച്ചിൽ വേഗത്തിലാക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Author : ന്യൂസ് ഡെസ്ക്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. ജെസിബി എത്തി മണ്ണ് മാറ്റിത്തുടങ്ങി. നേരത്തെ മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകുമെന്ന് അറിയിച്ചിരുന്നു. 

അതേസമയം, അർജുനായുള്ള തെരച്ചിൽ വേഗത്തിലാക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിൻ്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രക്ഷാപ്രവർത്തനം രാവും പകലുമായി നടത്തണമെന്ന് കേന്ദ്ര-കർണാടക സർക്കാരുകളോട് നിർദേശിക്കണെന്നും ഹർജിയിലുണ്ട്.


അർജുനായുള്ള രക്ഷാപ്രവർത്തനം ഏഴാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ ബെൽഗാമിൽ നിന്നുള്ള 40 അംഗ കരസേനാ സംഘം തെരച്ചിലിനായി ഷിരൂരില്‍ എത്തിയിട്ടുണ്ട്. കരയിലെ മണ്ണിനടയിൽ ലോറി ഉണ്ടാവാൻ സാധ്യതയില്ലെന്ന് കർണാടക സർക്കാർ ആവർത്തിക്കുമ്പോഴും കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം. ലോറി ഇവിടെ ഇല്ലെന്ന് പൂർണമായും ഉറപ്പിക്കുന്നതുവരെ പരിശോധന തുടരും. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണു കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടത്തും. ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അന്വേഷണം. ഇന്നത്തെ തെരച്ചിലിൽ പ്രതീക്ഷയുണ്ടെന്നും മണ്ണിനടിയിൽ തന്നെ വാഹനം ഉണ്ടാകുമെന്നും അർജുന്റെ കുടുംബം പറഞ്ഞു. എല്ലാ സാധ്യതകളും ഉപയോഗിച്ച് പരിശോധന നടത്തണമെന്നും അർജുനെ കണ്ടെത്താതെ അവർ തിരികെ വരില്ലെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT