NEWSROOM

ഷിരൂരില്‍ അർജുനായുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിക്കും; പരിശോധനയ്ക്ക് ഈശ്വർ മാൽപെയുടെ സംഘം

മുന്‍പ്, ഗംഗാവലി പുഴയില്‍ നടത്തിയ പരിശോധനയില്‍ ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കി കണ്ടെത്തിയിരുന്നു. ഇത് അര്‍ജുൻ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്ന ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായ അർജുനടക്കമുള്ളവർക്കായുളള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. പരിശോധന നടത്തുന്നത് നേവിയുടെയും ഈശ്വർ മാൽപെയുടെയും 2 സംഘങ്ങൾ.  ലോറിയിൽ കെട്ടിയ കയർ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ചായിരിക്കും പരിശോധന.

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗംഗാവലി പുഴയിൽ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനായുള്ള തെരച്ചിൽ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം സോണാർ ഉപയോഗിച്ച് നാവിക സേന നടത്തിയ പരിശോധനയിൽ ലോഹ ഭാഗങ്ങളുടെ സിഗ്നൽ ലഭിക്കുകയും അതേ സ്ഥലത്തു നിന്നും ലോറിയിൽ മരത്തടികൾ കെട്ടിയിരുന്ന കയർ കണ്ടെത്തുകയും ചെയ്തതിരുന്നു.

അപകടത്തിൽ മരിച്ച ലക്ഷ്മണൻ്റെ ചായക്കടയ്ക്ക് പിന്നിലെ ഇതേ സ്ഥലത്താകും ഇന്നും പരിശോധന. 3 നേവി ഉദ്യോഗസ്ഥരും ഈശ്വർ മാല്‍പെ ഉൾപ്പെടെ 4 പേരടങ്ങുന്ന സംഘവും രണ്ടായി തിരിഞ്ഞാകും തെരച്ചിൽ നടത്തുക. ഈ ഭാഗത്തും ഇരുപതടിയോളം ഉയരത്തിൽ മൺകൂനയുണ്ട്. അർജുൻ്റെ ലോറി കണ്ടെത്തിയാലും മണ്ണ് നീക്കാതെ ഉയർത്താനാകില്ല. നിലവിൽ ലോറി എവിടെയാണെന്ന് സ്ഥിരീകരിക്കുകയും ഡ്രഡ്ജർ എത്തിച്ച ശേഷം മണ്ണ് നീക്കി ലോറി പുറത്തെടുക്കുകയുമാണ് ലക്ഷ്യം. തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.


ഉത്തര കന്നഡ ജില്ലയിലെ ഷിരൂർ-അങ്കോള ദേശീയ പാതയില്‍ കഴിഞ്ഞ മാസം 16നാണ് മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനടക്കമുള്ളവരെ കാണാതായത്. അർജുനൊപ്പം തമിഴ്നാട് സ്വദേശിയായ ടാങ്കർ ലോറി ഡ്രൈവർ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കാണാതായിരുന്നു. ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്ത നിവാരണസേന അംഗങ്ങളും സ്ഥലത്ത് എംഎല്‍എ സതീഷ് സെയ്‌ലും മഞ്ചേശ്വരം എംഎല്‍എ കെ.എം അഷ്റഫും രക്ഷാപ്രവർത്തന രംഗത്തുണ്ട്. 

SCROLL FOR NEXT