ഷിരൂരിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും. ലോഹ ഭാഗങ്ങളും അസ്ഥിയും ലഭിച്ച കോണ്ടാക്റ്റ് പോയിൻ്റ് 4 കേന്ദ്രീകരിച്ചാകും ഇന്ന് പ്രധാനമായും പരിശോധന നടത്തുക. ഈശ്വർ മാൽപെയ്ക്ക് പകരമായി ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി പരിശോധന നടത്തും. ഡ്രഡ്ജർ മണ്ണ് നീക്കിയുള്ള പരിശോധന നടത്തുമ്പോൾ കമ്പനിയുടെ പ്രതിനിധികളായ 5 മുങ്ങൽ വിദഗ്ധർ പുഴയുടെ അടിത്തട്ടിൽ തെരച്ചിൽ നടത്തും.
കാർവാർ എംഎൽഎയുടെ ആവശ്യപ്രകാരം റിട്ടയേഡ് മേജർ ജനറൽ എം. ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമാകും ഡ്രോൺ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക. ഡ്രഡ്ജർ കൊണ്ടുവന്നുള്ള തെരച്ചിലിലും അർജുനുമായി ബന്ധപ്പെട്ട സൂചനകൾ ലഭിക്കാത്തതും ഈശ്വർ മാൽപ്പെ ദൗത്യത്തിൽ നിന്നും പിൻവാങ്ങിയതും ബന്ധുക്കളെ നിരാശരാക്കിയിട്ടുണ്ട്.
ALSO READ: ഷിരൂർ ദൗത്യം: ഗംഗാവലി പുഴയിൽ നിന്ന് അസ്ഥിഭാഗം കണ്ടെത്തി
കഴിഞ്ഞ ദിവസം വൈകിട്ടാണ് ലക്ഷ്മണിൻ്റെ ചായക്കട ഉണ്ടായിരുന്ന സ്ഥലത്തിന് പിറകിൽ നിന്നും മനുഷ്യൻ്റേതെന്ന് സംശയിക്കുന്ന അസ്ഥി കണ്ടെത്തിയത്. അപകടം നടക്കുമ്പോൾ ലക്ഷ്മൺ, ജഗന്നാഥ് എന്നിവർ തകർന്ന ചായക്കടയിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇവിടം കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടത്തും. ഒപ്പം കോണ്ടാക്റ്റ് പോയിൻ്റ് 3 യിലും പരിശോധന നടത്തും.