NEWSROOM

ഇനി കണ്ടെത്താനുള്ളത് 152 പേരെ; ചൂരല്‍മലയില്‍ തെരച്ചില്‍ ഒമ്പതാം നാള്‍

ദുർഘട മേഖലകളിൽ ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ദുർഘട മേഖലകളിൽ ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. നേരത്തെ പരിശോധന നടന്ന ഇടങ്ങളിലും ഇന്ന് വിശദമായ പരിശോധന നടത്തും. വിവിധ വകുപ്പ് മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുന്നത്. 7 മണി മുതലാകും പരിശോധന ആരംഭിക്കുക.

തെരച്ചിലിന് കഡാവർ നായകളും ഉണ്ട്. സൺറൈസ് വാലിയിലും ഇന്ന് പ്രത്യേക സംഘത്തിന്റെ പരിശോധന ഉണ്ടാകും. സൂചിപ്പാറയിൽ ഇന്ന് ആറ് കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് തീരുമാനം. ഇന്നലെ നാല് കിലോമീറ്റർ ദൂരമാണ് പരിശോധന നടത്തിയത്. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതുവരെ തിരിച്ചറിയാത്ത 218 മൃതദേഹം സംസ്കരിച്ചു.

64 സെന്റ് സ്ഥലമാണ് ശ്മശാനത്തിനായി പുത്തുമലയില്‍ സര്‍ക്കാര്‍ ആദ്യം ഏറ്റെടുത്തത്. 25 സെന്റ് അധികഭൂമി കൂടി ഏറ്റെടുത്തു. ഇതുവരെ ലഭിച്ചവയില്‍ തിരിച്ചറിയാത്ത മറ്റ് ശരീര ഭാഗങ്ങളും ഇതേ സ്ഥലത്തുതന്നെ സംസ്‌കരിക്കും. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും.

ഡിഎന്‍എ സാമ്പിള്‍ സൂചിപ്പിക്കുന്ന നമ്പറുകള്‍ കുഴിമാടങ്ങളില്‍ സ്ഥാപിച്ച കല്ലുകളില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും അടക്കം ചെയ്തു. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും.

SCROLL FOR NEXT