NEWSROOM

റിലയൻസ് ഹോം ഫിനാൻസ് ഉൾപ്പെടെ 24 കമ്പനികൾക്ക് വിലക്കേർപ്പെടുത്തി സെബി; അനിൽ അംബാനി 25 കോടി പിഴയടക്കണം

കമ്പനിയിൽ നിന്നുള്ള ഫണ്ട് നിയമവിരുദ്ധമായ രീതിയിൽ വക മാറ്റിയതിൻ്റെ പേരിലാണ് മാർക്കറ്റ് റെഗുലേറ്റർമാരായ സെബി, 24 കമ്പനികളെയും അഞ്ച് വർഷത്തേക്ക് സെക്യൂരിറ്റീസ് വിപണിയിൽ നിന്നും വിലക്കിയത്

Author : ന്യൂസ് ഡെസ്ക്


വ്യവസായി അനിൽ അംബാനിക്കും റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരും ഉൾപ്പെടെ 24 സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി സെബി. കമ്പനിയിൽ നിന്നുള്ള ഫണ്ട് നിയമവിരുദ്ധമായ രീതിയിൽ വക മാറ്റിയതിൻ്റെ പേരിലാണ് മാർക്കറ്റ് റെഗുലേറ്റർമാരായ സെബി, ഈ കമ്പനികളെ അഞ്ച് വർഷത്തേക്ക് സെക്യൂരിറ്റീസ് വിപണിയിൽ നിന്നും വിലക്കിയത്.

സെബി അനിൽ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഏതെങ്കിലും ലിസ്റ്റഡ് കമ്പനിയുടെ ഡയറക്ടറോ, സുപ്രധാന മാനേജീരിയൽ പേഴ്‌സണലോ (കെഎംപി) ഉൾപ്പെടെയുള്ള സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെടുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുകയും ചെയ്തിട്ടുണ്ട്. കൂടാതെ സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് റിലയൻസ് ഹോം ഫിനാൻസിന് ആറ് മാസത്തേക്ക് സെബി വിലക്കേർപ്പെടുത്തി. ഒപ്പം ആറ് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

222 പേജുള്ള സെബിയുടെ അന്തിമ ഉത്തരവിൽ, അനിൽ അംബാനി പണം തട്ടിയെടുക്കാനുള്ള ഒരു തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തിയിട്ടുണ്ട്. റിലയൻസ് ഹോം ഫിനാൻസിൻ്റെ (RHFL) പ്രധാന മാനേജർമാരുടെ സഹായത്തോടെ കമ്പനിയിൽ ഫണ്ട് വകമാറ്റാൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ.

റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൻ്റെ ഡയറക്ടർ ബോർഡ്, ഇത്തരം വായ്പാ രീതികൾ നിർത്താൻ താക്കീത് നൽകുകയും, കോർപ്പറേറ്റ് വായ്പകൾ സംബന്ധിച്ച കണക്കുകൾ പതിവായി അവലോകനം ചെയ്യുകയും ചെയ്തിരുന്നെങ്കിലും, കമ്പനിയുടെ മാനേജ്മെൻ്റ് ഈ ഉത്തരവുകൾ അവഗണിച്ചെന്നാണ് സെബി റിപ്പോർട്ടിൽ പറയുന്നത്.

അനിൽ അംബാനിയുടെ സ്വാധീന വലയത്തിൽ പ്രവർത്തിച്ചിരുന്ന ഏതാനും  മാനേജർമാർ നയിക്കുന്ന നേതൃത്വത്തിൻ്റെ ക്രമക്കേടുകളെക്കുറിച്ചാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെപ്പോലെ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് എന്ന കമ്പനിയും സെക്യൂരിറ്റീസ് വിപണിയിൽ ഇടപെടരുതെന്നും സെബി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

SCROLL FOR NEXT