NEWSROOM

ജമ്മു കശ്മീരിൽ സുരക്ഷാ സേനകളുടെ ഓപ്പറേഷനുകൾ തുടരുന്നു; അതിർത്തികളിൽ സുരക്ഷയും പരിശോധനയും ശക്തം

ഇൻ്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ പരിശോധനയും നടന്നു

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിൽ സുരക്ഷാ സേനകളുടെ നേതൃത്വത്തിലുള്ള ഓപ്പറേഷനുകൾ തുടരുന്നു. അകാർ മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയും  സൈനിക ഓപ്പറേഷൻ  നടന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  അതിർത്തികളിൽ സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. 

ജമ്മു കശ്മീരിൽ തുടർച്ചായി ഭീകരാക്രമണങ്ങളും നുഴഞ്ഞുകയറ്റവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിവിധ സേനകളുടെ നേതൃത്വത്തിൽ വ്യത്യസ്തമായ ഓപ്പറേഷനുകൾ തുടരുന്നത്. ചൊവ്വാഴ്ച രാത്രി സൈന്യത്തിൻ്റെ നേതൃത്വത്തിലായിരുന്നു അകാർ മേഖലയിലെ ഓപ്പറേഷൻ നടന്നത്.

ഇൻ്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ പരിശോധനയും നടന്നു. അകാറിൽ ഭീകരകേന്ദ്രങ്ങൾ കണ്ടെത്തിയതായും സൈനിക നീക്കം രാത്രി വൈകിയും തുടരുന്നതായും സേന അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കശ്മീർ പൊലീസ് വിഭാഗം ഗാംധോ മേഖലയിൽ നടത്തിയ ഓപ്പറേഷനിൽ മൂന്ന് വിദേശ ഭീകരവാദികളെ വധിച്ചിരുന്നു. ജമ്മുവിൽ സമീപകാലത്ത് നടന്ന നുഴഞ്ഞു കയറ്റങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാനപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി തവണ സൈന്യവും ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായി. ജൂലൈ മാസത്തിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഒൻപത് സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഇൻ്റലിജൻസ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിൽ കനത്ത ജാഗ്രതിയിലാണ് സേനകൾ. സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഉറിയിലെ നിയന്ത്രണരേഖയിൽ കൂടുതൽ സൈനികരെയും ആധുനിക നിരീക്ഷണ സംവിധാനങ്ങളും വിന്യസിച്ച് പട്രോളിംഗ് ശക്തമാക്കിയതായി സൈന്യം വ്യക്തമാക്കി. അതിർത്തികൾ സുരക്ഷാ സേനകളുടെ ഹൈ അലേർട്ടിലാണ് തുടരുന്നത്.  

SCROLL FOR NEXT