NEWSROOM

കലയുടെ മൃതദേഹം കണ്ടു, പറയാതിരുന്നത് പേടിച്ചിട്ട്; നിര്‍ണായക വെളിപ്പെടുത്തലുമായി അയല്‍വാസി

പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും പേടിച്ചിട്ടാണ് പറയാതിരുന്നത് എന്നും സോമന്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മാന്നാറിലെ കല വധക്കേസില്‍ അയല്‍വാസിയുടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍. കലയുടെ മൃതദേഹം കണ്ടെന്നാണ് എഴുപതുകാരനായ അയല്‍വാസി സോമന്‍ പൊലീസിന് മൊഴി നല്‍കിയത്. മൃതദേഹം മറവു ചെയ്യാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് പ്രതികള്‍ കൊലചെയ്ത ദിവസം പുലര്‍ച്ചെ, തന്നെ സമീപിച്ചിരുന്നുവെന്നാണ് സോമന്‍റെ മൊഴി.

സഹായം അഭ്യര്‍ഥിച്ചു കൊണ്ട് കടയിലേക്കാണ് പ്രതികള്‍ എത്തിയത്. വാഹനത്തില്‍ കലയുടെ മൃതദേഹം കാണുകയും ചെയ്തു. മൃതദേഹം മറവു ചെയ്യാനുള്ള മണ്‍വെട്ടി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കാറില്‍ ഉണ്ടായിരുന്നതായും വെള്ള മാരുതി കാറിലാണ് മൃതദേഹം കണ്ടത് എന്നും സോമന്‍ മൊഴി നല്‍കി.

മൃതദേഹം പ്രദേശത്തുള്ള മീന്‍കുളത്തില്‍ തള്ളാനും പ്രതികള്‍ ആദ്യം പദ്ധതിയിട്ടിരുന്നു. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും പേടിച്ചിട്ടാണ് പറയാതിരുന്നത് എന്നും സോമന്‍ പറഞ്ഞു.

15 വര്‍ഷം മുമ്പാണ് കല എന്ന യുവതിയെ കാണാതാകുന്നത്. മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോയതാണ് കല എന്നായിരുന്നു കേസില്‍ പ്രതിയായ കലയുടെ ഭര്‍ത്താവുള്‍പ്പെടെയുള്ളവര്‍ പ്രദേശത്ത് പറഞ്ഞ് പരത്തിയിരുന്നത്. എന്നാല്‍ കല ജീവിച്ചിരിപ്പില്ലെന്നും കൊല്ലപ്പെട്ടെന്നുമുള്ള വിവരം ആദ്യം പുറത്തുവരുന്നത് പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഊമക്കത്തിലൂടെയാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിക്കുന്നത്.

അതേസമയം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ മറവുചെയ്‌തെന്ന സൂചനയെ തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും മൃതദേഹം കലയുടേതാണെന്ന് തെളിയിക്കാന്‍ തക്ക അവശിഷ്ടങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ ക്ലിപ്പുകളും ചില എല്ലു കഷണങ്ങളും മാത്രമാണ് ലഭിച്ചത്. കലയുടെ മൃതദേഹമാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതും കേസിന്‍റെ മുന്നോട്ട് പോക്കിന് അനിവാര്യമാണ്.


SCROLL FOR NEXT