NEWSROOM

'ഇടിമുഴക്കം പോലെ ശബ്ദം, സിംഹഗര്‍ജനം പോലൊരാഹ്വാനം'; വി.എസിനെ കുറിച്ച് കവിതയുമായി ജി. സുധാകരന്‍

യൂദാസുകൾ തീർത്ത പത്മവ്യൂഹം കാണാതിരുന്നത് കൊണ്ടാണ് വി. എസ് സർക്കാരിന് തുടർഭരണം നഷ്ടമായതെന്ന് കവിത പറയുന്നു

Author : ന്യൂസ് ഡെസ്ക്

വി. എസ്. അച്യുതാനന്ദനെ കുറിച്ച് പുതിയ കവിതയുമായി മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരൻ. 'ഇടിമുഴക്കം പോലെ ശബ്ദം,സിംഹഗർജനം പോലൊരാഹ്വാനം' എന്ന തലക്കെട്ടോടെ കലാകൗമുദി ആഴ്ച്ചപ്പതിപ്പിലാണ് ജി.സുധാകരൻ്റെ പുതിയ കവിത. യൂദാസുകൾ തീർത്ത പത്മവ്യൂഹം കാണാതിരുന്നത് കൊണ്ടാണ് വി. എസ് സർക്കാരിന് തുടർഭരണം നഷ്ടമായതെന്ന് കവിത പറയുന്നു. കത്തിയും കഠാരയുമില്ലാതെ നടന്നുനീങ്ങിയ വി. എസിനു ചുറ്റുമാണ് ആശയറ്റവർ നിറഞ്ഞതെന്നും കവിതയിൽ പരാമർശമുണ്ട്.



'സർവ പ്രതീക്ഷയുമർപ്പിച്ച സൈന്യാധിപൻ പാളിയെങ്കിൽ ഉണ്ടാകുമോ വിജയങ്ങൾ, അണികളോ ചിന്നിച്ചിതറി നശിക്കുകില്ലേ'- എന്ന് കുറിച്ചാണ് ജി.സുധാകരൻ പുതിയ കവിത ആരംഭിക്കുന്നത്. വി. എസിൻ്റെ രാഷ്ട്രീയ കാലം അടയാളപ്പെടുത്തുന്ന സുദീർഘ കവിതയിൽ ആലപ്പുഴയിലെ തൊഴിലാളി സമരങ്ങളും രക്തസാക്ഷികളും കെ.ആർ.ഗൗരിയമ്മയുമെല്ലാം പരിസരവും കഥാപാത്രങ്ങളുമാകുന്നുണ്ട്.

കയ്യിൽ കഠാരയോ കത്തികളോ മിന്നിച്ചിതറും വെടിയുണ്ടയോ ഒന്നുമില്ലാതെ നടന്നുനീങ്ങിയ വി. എസ് ആശയറ്റ പട്ടിണിപ്പാവങ്ങളെ തൊട്ടെന്ന് ജി.സുധാകരന്‍ എഴുതുന്നു.
വി. എസ് സർക്കാരിന്‍റെ കാലത്തെ വാനോളം പുകഴ്ത്തുന്ന സുധാകരൻ വി. എസിന് തുടർ ഭരണം ലഭിക്കാത്തതിന് പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തുന്നുമുണ്ട്. വി. എസ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകാൻ ജനം ആഗ്രച്ചെങ്കിലും യൂദാസുകൾ തീർത്ത പത്മവ്യൂഹം മുൻകൂട്ടി കഴിയാത്തതിനാലാണ് സീറ്റുകൾ നഷ്ടമായതെന്ന് പറഞ്ഞുവെക്കുന്നു.



ആലപ്പുഴ അന്ന് ഒമ്പതിൽ എട്ട് സീറ്റുകളും എൽഡിഎഫിന് നേടിക്കൊടുത്തെന്നും സുധാകരന്‍റെ ഓർമപ്പെടുത്തലുണ്ട്. വി. എസിൻ്റെ വിപ്ലവജീവിതത്തെ അലങ്കാര വിശേഷണ പ്രയോഗങ്ങൾ കൊണ്ട് വാഴ്ത്തുന്നു നാലു പേജിലായി അച്ചടിച്ചുവന്ന കവിത. വി. എസ് ഭരണത്തിലാണ് നാടിന്‍റെ മട്ടുമാറിയതെന്നും അതാണ് നവകേരളമെന്നും
പറഞ്ഞാണ് ജി.സുധാകരൻ കവിത അവസാനിപ്പിക്കുന്നത്.

SCROLL FOR NEXT