NEWSROOM

വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിന് ഗുണമാകുമെന്ന് ശ്രദ്ധിച്ചില്ല; അതാണ് അന്‍വറിന് പറ്റിയ തെറ്റ്: പാലോളി മുഹമ്മദ് കുട്ടി

അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ലെന്നും, ആ വഴിയിലൂടെയാണ് അൻവർ വന്നതെന്നും പാലോളി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. പി.വി. അൻവറിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അൻവർ പാർട്ടി അംഗമല്ലാത്തതുകൊണ്ടാണ് പരാതി പുറത്ത് പറഞ്ഞതെന്നും പാലോളി മുഹമ്മദ് കുട്ടി ന്യൂസ് മലയാളത്തോട് പറഞ്ഞു. 

'രാജ്യത്ത് എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോൾ ആളുകൾക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ അവസരം ഉണ്ട്. ആ രീതിയിൽ ആണ് അൻവറും പറഞ്ഞത്. അദ്ദേഹത്തെ സംബന്ധിച്ച് അത് ശരിയാണ്. എന്നാൽ പാർട്ടിയുടെ ദൃഷ്ടിയിൽ അത് ശരിയല്ല,' പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

അൻവർ പരാതി ഉന്നയിച്ച രീതി ശരിയല്ല. ആ സമയത്ത് തന്നെ അൻവറിന് മുഖ്യമന്ത്രിയെ കാണുകയോ പാർട്ടി സംസ്ഥാന സെക്രട്ടറിക്കോ, ജില്ലാ സെക്രട്ടറിക്കോ പരാതി നൽകുകയോ ചെയ്യാമായിരുന്നു. എന്നിട്ടും നടപടിയില്ലെങ്കിൽ ആണ് പൊതുമധ്യത്തിൽ പറയാം. എന്നാൽ അതിൽ അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ലെന്നും, ആ വഴിയിലൂടെയാണ് അൻവർ വന്നതെന്നും പാലോളി പറഞ്ഞു. അൻവർ പാർട്ടി അംഗമല്ലാത്തതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ നടപടി എടുക്കാൻ സാധിക്കില്ലെന്നും പാലോളി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്കെന്നല്ല ഏതു മന്ത്രിക്ക് പരാതി നൽകിയാലും അതിൽ സ്വയം തീരുമാനം എടുക്കില്ല. നമുക്ക് അഭിപ്രായം ഉണ്ടെങ്കിലും ബന്ധപ്പെട്ട ആളുകളെ കാണിച്ച് അവരുടെ അഭിപ്രായം കേൾക്കും. അതിന്റെ അടിസ്ഥാനത്തിൽ ചിലപ്പോ നമ്മുടെ നിലപാട് തിരുത്തും. ഇനി അൻവറിന്റെ പരാതി പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി മുക്കിയിട്ടുണ്ടെങ്കിൽ നടപടി എടുക്കണമെന്നും പാലോളി വ്യക്തമാക്കി. എന്നാൽ പരസ്യ പ്രതികരണങ്ങൾ പ്രതിപക്ഷത്തിന് മുതൽകൂട്ടാകുമെന്നത് ശ്രദ്ധിച്ചില്ല എന്നതാണ് അൻവറിന്റെ ഭാഗത്ത് നിന്നുള്ള തെറ്റെന്നും പാലോളി വ്യക്തമാക്കി.

പി.വി. അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഒരു സ്ഥാനാർഥിയായാണ് നിന്നത്. അദ്ദേഹം കോൺഗ്രസ് ആയിരുന്നു. നെഹ്‌റു കേരത്തിൽ എത്തിയപ്പോൾ ആദ്യം സന്ദർശിച്ചത് പി.വി. അൻവറിന്റെ കുടുംബത്തിലാണ്. അങ്ങനെയൊരു പാരമ്പര്യമുള്ള കോൺഗ്രസിന്റെ ആളുകളാണ് അവർ. പിന്നീട് കോൺഗ്രസ് വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി അൻവർ മത്സരിക്കാനൊരുങ്ങിയപ്പോഴാണ് പാർട്ടി അദ്ദേഹത്തിന് അവസരം നൽകിയത്.

ALSO RAED: അൻവർ എംഎൽഎയുടെ ആരോപണങ്ങൾ; എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും

അങ്ങനെയാണ് അദ്ദേഹം എംഎൽഎ ആകുന്നത്. അൻവർ പാർട്ടി മെമ്പർ അല്ല. സ്വതന്ത്രൻ ആണ്. പാർട്ടിക്കാരൻ ആണെങ്കിൽ അദ്ദേഹം പാർട്ടിയിൽ അല്ലാതെ ഈ കാര്യം പറയില്ല. അഥവാ പറഞ്ഞാൽ നടപടിയുണ്ടാകും. എന്നാൽ അൻവറിന് പാർട്ടി സംഘടന രീതികൾ ബാധകമല്ലാത്തതിനാൽ അൻവറിനെതിരെ നടപടി എടുക്കാൻ കഴിയില്ല എന്നും പാലോളി കൂട്ടിച്ചേർത്തു.

SCROLL FOR NEXT