NEWSROOM

മറ്റ് ജോലികൾ കാരണം പാർട്ടി വക്താവ് പദവിയോട് നീതി പുലർത്താനായില്ല; ജെഡിയു ദേശീയ വക്താവ് സ്ഥാനത്തു നിന്നും കെ.സി ത്യാഗി രാജിവെച്ചു

ത്യാഗിയുടെ രാജിയെ തുടർന്ന് രാജീവ് രഞ്ജന്‍ പ്രസാദിനെ വക്താവായി നിയമിച്ച് ജെഡിയു പ്രസ്താവനയും ഇറക്കി

Author : ന്യൂസ് ഡെസ്ക്


മുതിർന്ന നേതാവ് കെ.സി ത്യാഗി ജനതാദൾ യുണൈറ്റഡ് ദേശീയ വക്താവ് സ്ഥാനത്തുനിന്നും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി എന്നാണ് വിശദീകരണം. എന്നാൽ രാഷ്ട്രീയ നിലപാടിലെ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന. ത്യാഗിയുടെ രാജിയെ തുടർന്ന് രാജീവ് രഞ്ജന്‍ പ്രസാദിനെ വക്താവായി നിയമിച്ച് ജെഡിയു പ്രസ്താവനയും ഇറക്കി.

'കഴിഞ്ഞ കുറച്ച് മാസങ്ങളായി താൻ ടിവി ചർച്ചകളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ്. മറ്റ് ജോലികൾ കാരണം പാർട്ടി വക്താവ് പദവിയോട് നീതി പുലർത്താൻ കഴിയുന്നില്ല. ദയവായി ഈ ഉത്തരവാദിത്തത്തിൽ നിന്ന് തന്നെ നീക്കണം'' എന്നാണ് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിനയച്ച രാജിക്കത്തിൽ കെ.സി. ത്യാഗി പറഞ്ഞത്.

ALSO READ: 'പശുവിനോട് ബഹുമാനമുള്ള ഗ്രാമീണരെ തടയാനാകില്ല'; ബീഫ് കഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്നതിൽ പ്രതികരണവുമായി ഹരിയാന മുഖ്യമന്ത്രി

എന്നാൽ ചില സുപ്രധാന വിഷയങ്ങളിൽ ത്യാഗി സ്വീകരിച്ച നിലപാടിനെ തുടർന്നുണ്ടായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ - ഹമാസ് യുദ്ധം മുതൽ വഖഫ് ഭേദഗതി ബില്ലു വരെയുള്ള വിഷയങ്ങളിൽ ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരുന്നു ഘടകകക്ഷി നേതാവായ ത്യാഗിയുടേത്. ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച ത്യാഗി, നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും കാര്യത്തിൽ എപ്പോഴും പോരാടുന്ന ഒരു രാഷ്ട്രമെന്ന നിലയിൽ, പലസ്‌തീനിലെ വംശഹത്യയിൽ ഇന്ത്യ പങ്കാളിയാകരുതെന്നും പറഞ്ഞിരുന്നു.

ഭരണകക്ഷിയായ എൻഡിഎ മുന്നണിയുടെ സഖ്യകക്ഷിയായിരിക്കെ നിരവധി വിഷയങ്ങളിൽ ത്യാഗി സ്വന്തം നിലപാട് പരസ്യമാക്കിയത് പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് ജെഡിയു വിലയിരുത്തൽ. ഇതോടെ സഖ്യകക്ഷികളോട് അഭിപ്രായ ഭിന്നത പുറത്തുവരുന്ന സാഹചര്യമുണ്ടാകരുതെന്ന് എൻഡിഎയിൽ ബിജെപി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

SCROLL FOR NEXT