ഗാസയിലെ പോഷകാഹാരക്കുറവുള്ള കുട്ടികൾക്കിടയിൽ ത്വക്ക് രോഗങ്ങൾ പടരുന്നതായി റിപ്പോർട്ട്. സ്കാബീസ് മുതൽ ചിക്കൻപോക്സ് വരെയുള്ള രോഗങ്ങളാണ് കുട്ടികൾക്കിടയിൽ പടർന്നുപിടിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചത് മുതൽ പലസ്തീൻകാരായ 1,50,000ത്തിലേറെ ആളുകൾക്ക് ത്വക്ക് രോഗങ്ങൾ പിടിപെട്ടിട്ടുണ്ട്. മലിനജലം ഉപയോഗിക്കുന്നതും, വൃത്തിയുള്ള ശുചിമുറികളില്ലാത്തതും, സാനിറ്ററി ഉൽപന്നങ്ങളോ മറ്റ് ആവശ്യ വസ്തുക്കളോ ലഭ്യമല്ലാത്തതിനാൽ വ്യക്തി ശുചിത്വത്തിനുള്ള സാഹചര്യം ഇല്ലാത്തതുമാണ് രോഗം പടരാനുള്ള കാരണമായി പറയുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിൽ, 96,417 സ്കാബി കേസുകളും 9274 ചിക്കൻപോക്സ് കേസുകളും, 60130 ത്വക്ക് രോഗങ്ങളുടെ കേസുകളും, 10038 ഇംപെറ്റിഗോ കേസുകളും റിപ്പോർട്ട് ചെയ്തുവെന്നും കണക്കുകൾ പറയുന്നു. പലസ്തീനിയൻ തീര പ്രദേശങ്ങളിലാണ് പ്രധാനമായും രോഗങ്ങൾ പടരുന്നത്.
ത്വക്ക് രോഗങ്ങൾക്ക് പുറമെ 4,85,000 ഡയേറിയ കേസുകളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, പല തരത്തിലുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ഇവർക്കാവശ്യമായ മരുന്നുകളോ ഭക്ഷണമോ ഇവിടെ ലഭ്യമല്ലാത്തതും രോഗത്തിൻ്റെ ആഘാതം വർധിപ്പിക്കുന്നുണ്ട്.