വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. വാര്‍ഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനവും ഹൈക്കോടതി റദ്ദാക്കി. 8 നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മിഷന്‍ വിജ്ഞാപനവുമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം, മട്ടന്നൂർ നഗരസഭകളിലെയും,
പടന്ന ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് വിഭജനം നിയമ വിരുദ്ധമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പുതിയ സെൻസെസ് നിലവിലില്ലാതെ, പഴയതിൻ്റെ അടിസ്ഥാനത്തിലുള്ള വാർഡ് വിഭജനത്തിനുള്ള നീക്കം സെൻസെസ് നിയമത്തിൻ്റെയും മുൻസിപ്പൽ നിയമത്തിൻ്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. നിലവിലുള്ളത് 2011 ലെ സെൻസെസാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് 2015 ൽ വാർഡ് വിഭജനം നടന്നത്.
പുതിയ സെൻസെസിൻ്റെ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാർഡ് പുനർവിഭജനം സാധ്യമല്ല എന്നതായിരുന്നു ഹർജിക്കാരുടെ വാദം. അനുവദനീയമായ സമയ പരിധിക്കുള്ളിൽ നടപടി പൂർത്തിയാക്കാൻ സാധിക്കില്ലെന്ന സാഹചര്യത്തിൽ വാർഡുകളുടെ അതിർത്തി വിഭജന നടപടികൾ ഭരണഘടനയ്ക്കും, സെൻസെസ് നിയമത്തിനും വിരുദ്ധമാണെന്നും ഹർജിക്കാർ കോടതിക്കു മുമ്പാകെ ബോധ്യപ്പെടുത്തിയിരുന്നു. അതോടൊപ്പം തന്നെ മുൻസിപ്പാലിറ്റി നിയമത്തിലെ ഭേദഗതി റദ്ദാക്കണെമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. സർക്കാരിൻ്റെ ഉൾപ്പെടെ വാദം കേട്ടാണ് കോടതി വാർഡ് വിഭജനം റദ്ദാക്കി ഉത്തരവിറക്കിയത്.