NEWSROOM

റീൽസ് പണി കൊടുത്തു; പൊലീസ് സ്റ്റേഷന് മുന്നിലൂടെ ടിപ്പറിൽ മണൽ കടത്തിയ ഏഴ് പേർ പിടിയിൽ

നിലമ്പൂർ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് ചിത്രീകരിച്ച വീഡിയോ പിന്നീട് സിനിമാ ഡയലോഗുകൾ കൂടി ചേർത്ത് റീൽസായി ഷാമിൽ ഷാൻ്റെ വണ്ടി ഭ്രാന്തൻ കെഎൽ 71 എന്ന അക്കൗണ്ടുമായി ടാഗ് ചെയ്ത് അമീനിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

പൊലീസ് സ്റ്റേഷന് മുന്നിലൂടെ ടിപ്പർ ലോറിയിൽ മണൽ കടത്തുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് റീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഏഴ് പേർ പിടിയിൽ. മമ്പാട് ഓടായിക്കൽ സ്വദേശി ഷാമിൽ ഷാൻ, കാട്ടുമുണ്ട സ്വദേശികളായ മർവ്വാൻ, അമീൻ, വടപുറം സ്വദേശികളായ അൽത്താഫ്, മുഹമ്മദ് സവാദ്, അബ്ദുൾ മജീദ് , സഹീർ എന്നിവരാണ് പിടിയിലായത്. റീൽസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി.

കഴിഞ്ഞ 22ന് പുലർച്ചെ നിലമ്പൂർ പുള്ളിപ്പാടം കടവിലാണ് കേസിനാസ്പദമായ സംഭവം. ഷാമിൽ ഷാൻ്റെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയിൽ പുള്ളിപ്പാടം കടവിൽ നിന്ന് അനധികൃതമായി മണൽ കടത്തികൊണ്ടു പോകുമ്പോഴാണ് വീഡിയോ ചിത്രീകരിച്ചത്. ഓടായിക്കൽ പാലത്തിൽ വെച്ചും, നിലമ്പൂർ പൊലീസ് സ്റ്റേഷന് മുമ്പിൽ വെച്ചും ചിത്രീകരിച്ച വീഡിയോ പിന്നീട് സിനിമാ ഡയലോഗുകൾ കൂടി ചേർത്ത് റീൽസായി ഷാമിൽ ഷാൻ്റെ വണ്ടി ഭ്രാന്തൻ കെഎൽ 71 എന്ന അക്കൗണ്ടുമായി ടാഗ് ചെയ്ത് അമീനിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. റീൽസ് വിവാദമായതോടെ ഇത് ഇൻസ്റ്റഗ്രാം പേജിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന സമയം ഉടമസ്ഥനായ ഷാമിൽ ഷാനും ലോറിയിൽ ഉണ്ടായിരുന്നു. അൽത്താഫ്, സവാദ്, മജീദ്, സഹീർ എന്നിവർ വഴിയിൽ പൊലീസുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകാനായി ലോറിക്ക് എസ്കോർട്ടായി ബൈക്കിൽ പോയിരുന്നു.

ഷാമിൽ, അൽത്താഫ് എന്നിവർ മുമ്പും മണൽകടത്ത് കേസിൽ ഉൾപ്പെട്ടവരാണ്. ഇരുവരും ജോലിക്കായി വിദേശത്തേക്ക് പോകാനിരിക്കെയാണ് കേസിൽ പെടുന്നത്. വിദേശത്തെത്തിയാൽ പിടിക്കപ്പെടില്ല എന്ന ധാരണയായിരുന്നു പ്രതികൾക്ക് എന്നാണ് പൊലീസ് പറയുന്നത്. മണൽ കടത്താനുപയോഗിച്ച ലോറിയും പൊലീസ് പിടിച്ചെടുത്തു.

SCROLL FOR NEXT