NEWSROOM

സുരക്ഷാ സേനയെ പിൻവലിക്കാത്തതിൽ പ്രതിഷേധം; മണിപ്പൂരിൽ കാങ്പോക്പിയിൽ എസ്‌പി ഓഫീസിന് നേരെ ആക്രമണം, നിരവധി പേർക്ക് പരുക്ക്

ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് ആളുകൾ നടത്തിയ മാർച്ചിനിടെയാണ് ആക്രമണമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

മണിപ്പൂരിലെ കാങ്പോക്പിയിൽ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു നേരെ ആക്രമണം. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് ആളുകൾ നടത്തിയ മാർച്ചിനിടെയാണ് ആക്രമണമുണ്ടായത്. കാങ്‌പോക്പിയിലെ കുന്നുകളിൽ നിന്ന് സുരക്ഷാ സേനയെ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജനക്കൂട്ടം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.



ഇംഫാൽ ഈസ്റ്റ് ജില്ലയുടെ അതിർത്തിയിലുള്ള സൈബോൾ ഗ്രാമത്തിൽ നിന്നും കേന്ദ്രസേനയെ നീക്കം ചെയ്യുന്നതിൽ മണിപ്പൂരിലെ പൊലീസ് പരാജയപ്പെട്ടുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കേന്ദ്രസേനയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടപ്പാക്കിയ സാമ്പത്തിക ഉപരോധത്തിൻ്റെ ഭാഗമായി ഗതാഗതം നിർത്തിവയ്ക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചിരുന്നു. പ്രതിഷേധക്കാർക്കുനേരെ സുരക്ഷാ സേന കണ്ണീർ വാതകവും ബ്ലാങ്കുകളും ഉപയോഗിച്ചാണ് പ്രതിരോധിച്ചത്.



അതേസമയം മണിപ്പൂരിലെ വംശീയ സംഘർഷങ്ങളിൽ ജനങ്ങളോട് മാപ്പ് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി ബിരേൻ സിംഗ് രംഗത്തെത്തിയിരുന്നു. 2025ഓടെ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഈ വ‍ർഷം അവസാനിക്കുന്നതെന്നും ബിരേൻ സിംഗ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വിഭാ​ഗങ്ങളെയും അഭിസംബോധന ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ ഖേദപ്രകടനം. സംഭവിച്ചതെല്ലാം സംഭവിച്ചു. കഴിഞ്ഞകാലങ്ങളിൽ സംഭവിച്ച തെറ്റുകള്‍ മറക്കുകയും പൊറുക്കുകയും വേണമെന്ന് ബിരേൻ സിം​ഗ് പറഞ്ഞു. മണിപ്പൂരിലെ 35 ഗോത്രങ്ങളും സമാധാനത്തോടെ ഒരുമിച്ചു ജീവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

SCROLL FOR NEXT