പാലക്കാട് വല്ലപ്പുഴയിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്നു വീണു. മത്സരം നടക്കുന്നതിനിടെ ഗാലറിയുടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ പട്ടാമ്പിയിലെ സേവന ആശുപത്രിയിലും, ചെറുപ്ലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു മാസമായി ഇവിടെ മത്സരം നടക്കുന്നുണ്ട്. ഫൈനൽ മത്സരമായതിനാൽ പതിവിലും കൂടുതൽ ആളുകൾ പരിപാടി കാണാൻ എത്തിയിരുന്നു. ഗാലറിയിൽ ഉൾക്കൊള്ളാവുന്നതിനെക്കാൾ കൂടുതൽ ആളുകൾ എത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു.