NEWSROOM

ദക്ഷിണാഫ്രിക്കയില്‍ കടുത്ത ഭക്ഷ്യക്ഷാമം; ഏഴ് രാജ്യങ്ങളില്‍ ഗുരുതര പട്ടിണി, 21 ദശലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ്

അടിയന്തര സഹായമുണ്ടായില്ലെങ്കില്‍ ലക്ഷക്കണക്കിന് മനുഷ്യർ പട്ടിണി മൂലം മരിച്ചുവീഴുന്ന ഭയാനകമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്

Author : ന്യൂസ് ഡെസ്ക്

കടുത്ത ഭക്ഷ്യപ്രതിസന്ധിയിലാണ് തെക്കൻ ആഫ്രിക്കയിലെ ഏഴു രാജ്യങ്ങള്‍. അടിയന്തര സഹായമുണ്ടായില്ലെങ്കില്‍ ലക്ഷക്കണക്കിന് മനുഷ്യർ പട്ടിണി മൂലം മരിച്ചുവീഴുന്ന ഭയാനകമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

എല്ലുന്തിയ കുഞ്ഞുങ്ങള്‍ അവശേഷിക്കുന്ന വറ്റിനും വേണ്ടി കാലിപാത്രങ്ങളില്‍ കെെയ്യിട്ട് തിരയുന്ന ദൃശ്യം. ദശാബ്ദങ്ങളായി ലോകത്തിന് മുന്നില്‍ ദരിദ്ര ഭൂഖണ്ഡമായ ആഫ്രിക്കയെന്നാല്‍ പരിചയപ്പെട്ടുപോയ ചിത്രമാണത്. എന്നാലിനിയും അതേ നിസംഗതയോടെ ഇതെല്ലാം നോക്കി നിന്നാല്‍ കുട്ടികളടക്കം ദശലക്ഷക്കണക്കിന് മനുഷ്യർ മരണത്തിലേക്ക് വീഴുന്നത് നോക്കി നില്‍ക്കുന്നത് പോലെയാകും എന്നാണ് ജനീവ യോഗത്തില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരള്‍ച്ചയെ നേരിട്ട നമീബിയ, സാംബിയ, സിംബാബ്‍വെ, ലെസോത്തോ, മലാവി എന്നീ രാജ്യങ്ങള്‍ക്ക് പുറമെ, ദക്ഷിണമേഖലയിലെ അംഗോള, മൊസാംബിക്ക് എന്നിങ്ങനെ ഏഴ് രാജ്യങ്ങളിലായി 65 ലക്ഷത്തോളം പേർക്ക് നേരിട്ട് ഭക്ഷണമെത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം കണക്കാക്കുന്നത്. മറ്റ് സഹായങ്ങള്‍ക്കുമെല്ലാം ചേർത്ത് 369 ദശലക്ഷം ഡോളറെങ്കിലും ആവശ്യമുള്ളിടത്ത് അതിന്‍റെ അഞ്ചിലൊന്നേ നിലവില്‍ ലഭ്യമായിട്ടുള്ളൂ.

ഫണ്ടിംഗിന്‍റെ കുറവ് അവശ്യ സഹായങ്ങളെത്തിക്കുന്നതിന് പരിമിതിയാകുന്നുണ്ടെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം പ്രതിനിധി തോംസൺ ഫെറി സഭായോഗത്തില്‍ തുറന്നുസമ്മതിച്ചു. 27 ദശലക്ഷത്തിലധികം ജീവിതങ്ങളെ തകർത്ത പ്രതിസന്ധിയാണ് ആഫ്രിക്ക ഇപ്പോള്‍ നേരിടുന്നത്. ഏകദേശം 21 ദശലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നയായി യുഎന്നിന്‍റെ റിപ്പോർട്ട് പറയുന്നു. പഞ്ഞ കാലമായ ഒക്ടോബറെത്തുമ്പോള്‍ പട്ടിണി മരണങ്ങളൊഴിവാക്കാന്‍ അടിയന്തര സഹായമാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് തേടുന്നത്.

പട്ടിണിയും വരള്‍ച്ചയും രൂക്ഷമായതോടെ വടക്കുകിഴക്കൻ നൈജീരിയയിലേക്കടക്കം കുഞ്ഞുങ്ങളുമായി പാലായനം ചെയ്യുകയാണ് മാതാപിതാക്കള്‍. ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിൻ്റെ പിന്തുണയുള്ള താത്കാലിക ക്യാംപുകളില്‍ കടുത്ത പോഷകാഹാരക്കുറവ് റിപ്പോർട്ടു ചെയ്ത കുട്ടികളുടെ എണ്ണം 2023ലെ അവസാന മാസങ്ങളില്‍ നിന്ന് 2024ലേക്ക് എത്തുമ്പോള്‍ 24 % വർദ്ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്.

SCROLL FOR NEXT