NEWSROOM

മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മിനു മുനീര്‍

ആരോപണ വിധേയരായവരുടെ ചിത്രങ്ങള്‍ സഹിതമാണ് നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമയിലെ പ്രമുഖ നടന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ലൈംഗികാരോപണവുമായി നടി മിനു മുനീര്‍. നടന്മാരായ മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, അഡ്വ. ചന്ദ്രശേഖരന്‍ വി.എസ്, വിച്ചു എന്നിവര്‍ക്കെതിരെയാണ് ആരോപണം.

2013-ല്‍ ഒരു സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ഇവരില്‍ നിന്ന് ശാരീരിക പീഡനവും, വാക്കുകളാലുള്ള അധിക്ഷേപവും നേരിട്ടുവെന്നാണ് മിനുവിന്റെ വെളിപ്പെടുത്തല്‍. സിനിമയുമായി സഹകരിച്ച് പോകാന്‍ ശ്രമിച്ചെങ്കിലും,  പീഡനം അസഹനീയമായി. ഇതോടെ, മലയാള സിനിമ വിട്ട് ചെന്നൈയിലേക്ക് മാറാന്‍ നിര്‍ബന്ധിതയായി. അഡ്‌ജസ്റ്റ്‌മെന്റിന് തയ്യാറാകാത്തതിനാല്‍ മിനു മലയാളം സിനിമ വിട്ടു  എന്ന തലക്കെട്ടില്‍ കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നുവെന്നും മിനു പറയുന്നു. ആരോപണ വിധേയരുടെ ചിത്രങ്ങള്‍ സഹിതമാണ് നടി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അനുഭവിച്ച പ്രയാസങ്ങള്‍ക്ക് നീതി വേണം. ഇവരുടെ മോശം പ്രവര്‍ത്തികള്‍ക്കെതിരെ തക്കതായ നടപടി എടുക്കണമെന്നും മിനു മുനീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, മലയാള സിനിമയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിട്ട ദുരനുഭവങ്ങളാണ് പലരും തുറന്നുപറയുന്നത്. ഇതോടെ, മലയാള സിനിമയില്‍ സ്ത്രീകള്‍ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന കാലങ്ങളായുള്ള ആരോപണങ്ങള്‍ക്കാണ് ഇപ്പോള്‍ വ്യക്തതയുണ്ടായിക്കൊണ്ടിരിക്കുന്നത്.

SCROLL FOR NEXT