സിനിമാ മേഖലയിൽ ലൈംഗികാരോപണം ഉന്നയിച്ചവരുടെ മൊഴികൾ രേഖപ്പെടുത്തി അന്വേഷണ സംഘം. സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ യുവാവിന്റെയും ഇടവേള ബാബുവിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിയുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട പൊലീസ് സംഘം ബാംഗ്ലൂരിലെ ഹോട്ടലിൽ പോയി തെളിവ് ശേഖരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമ സെറ്റിൽ ഷൂട്ടിംഗ് കാണാൻ പോയ സമയത്താണ് രഞ്ജിത്ത് വിളിപ്പിച്ചതെന്ന് യുവാവ് പറയുന്നു. പരിചയപ്പെട്ടപ്പോൾ ഫോൺ നമ്പർ നൽകി. കുറച്ചു നാളുകൾക്കു ശേഷം ബാംഗ്ലൂരിൽ വരാൻ ആവശ്യപ്പെട്ടു. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ മദ്യം നൽകിയ ശേഷം വിവസ്ത്രനാക്കി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് യുവാവ് ആരോപിക്കുന്നത്. പിറ്റേന്ന് രാവിലെ പണം തരാമെന്ന് പറഞ്ഞുവെന്നും യുവാവ് പറഞ്ഞിരുന്നു.
അതേസമയം, ഇടവേള ബാബു 'അമ്മ'യിൽ മെമ്പർഷിപ്പ് തരാമെന്ന് പറഞ്ഞ് മോശമായി പെരുമാറിയെന്നും, ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം.