NEWSROOM

സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ; അന്വേഷണ സംഘത്തിൻ്റെ ആദ്യ യോഗം ഇന്ന്

മോശം അനുഭവം തുറന്നു പറഞ്ഞ നടിമാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും

Author : ന്യൂസ് ഡെസ്ക്


മലയാള ചലച്ചിത്ര മേഖലയിലെ ലൈംഗിക ആരോപണ പരാതികളിൽ അന്വേഷണം നടത്തുന്ന ഉന്നതപൊലീസ് സംഘത്തിൻ്റെ ആദ്യ യോഗം ഇന്ന് ചേരും. മോശം അനുഭവം തുറന്നു പറഞ്ഞ നടിമാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ആരോപണം ഉന്നയിച്ച എല്ലാവരെയും സമീപിക്കാനാണ് ഉന്നതപൊലീസ് സംഘത്തിൻ്റെ തീരുമാനം.

ഹേമ കമ്മിറ്റി റിപ്പോർട്ടും പ്രത്യേക സംഘം പരിശോധിക്കും. നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടുന്നതാണ് അന്വേഷണ സംഘം. ഏതൊക്കെ ജില്ലകളിൽ നിന്നും ഏതൊക്കെ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തണമെന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമാകും. ആദ്യം മൊഴി നൽകിയവർ വീണ്ടും മൊഴികൊടുക്കണോ എന്ന കാര്യവും യോഗം ചർച്ച ചെയ്യും. മൊഴികളിൽ ഉറച്ചു നിൽക്കുന്നവർ നിയമനടപടിക്ക് തയ്യാറാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യാനും തീരുമാനം ഉണ്ടാകും.

നടന്മാരായ മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മിനു മുനീര്‍ ഇന്ന് പരാതി നൽകും. സംവിധായകൻ ആരോപണം ഉന്നയിച്ച ബംഗാളി നടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ കേസിൻ്റെ അന്വേഷണ ചുമതല ജി. പൂങ്കുഴലിക്കാണ്.

SCROLL FOR NEXT