നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. പരാതിക്കാരിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുധീഷും ഇടവേള ബാബുവും ലൈംഗികചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ഐപിസി 354 എ 1,2,3 പ്രകാരമാണ് കേസ്. പ്രത്യേക അന്വേഷണ സംഘം ഇന്നലെ യുവതിയുടെ മൊഴി എടുത്തിരുന്നു.
ALSO READ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് മമ്മൂട്ടി ഒന്നും പറഞ്ഞില്ല, മൗനം സങ്കടകരം : സജിത മഠത്തില്‍
ഈരാറ്റുപേട്ട സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയിൽ ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചി മരട് പൊലീസാണ് ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസ്. ഇ-മെയിൽ വഴിയായിരുന്നു യുവതി സംവിധായകനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്. ശ്രീകുമാര്‍ മേനോന് പുറമേ, നടൻ ബാബുരാജിനുമെതിരെ യുവതി പരാതി നൽകിയിരുന്നു. ഇവരിൽ നിന്നും ഉണ്ടായ ശാരീരിക മാനസിക വിഷമങ്ങളുടെ തുറന്നു പറച്ചിലാണ് നടത്തുന്നത് എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
സംവിധായകൻ വി.കെ. പ്രകാശിനെതിരായ ലൈംഗിക ആരോപണ പരാതിയിൽ യുവതിയുടെ രഹസ്യമൊഴി എടുക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് യുവതിയുടെ രഹസ്യമൊഴി എടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. രണ്ട് വർഷം മുൻപ് കഥ പറയാനെത്തിയപ്പോള്‍ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. അതേസമയം നടൻ ജയസൂര്യക്കെതിരായ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.