ലൈംഗിക ആരോപണത്തിൽ സംവിധായകൻ വി.കെ. പ്രകാശിന് കുരുക്ക് മുറുകുന്നു. ലൈംഗിക ആരോപണ പരാതിയിൽ യുവതിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 2022 ഏപ്രിൽ 4ന് യുവതി കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിൽ എത്തി. വി.കെ. പ്രകാശാണ് യുവതിക്ക് മുറിയെടുത്തത്. വി.കെ. പ്രകാശും ഇതേ സമയം ഹോട്ടലിൽ എത്തിയതിനും തെളിവുകളുണ്ട്. ഹോട്ടൽ രേഖകൾ പൊലീസിന് ലഭിച്ചു. യുവതിയുടെ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തും.
രണ്ട് വര്‍ഷം മുന്‍പ് എഴുതിയ കഥ സിനിമയാക്കുന്നതിന് വേണ്ടിയാണ് പരാതിക്കാരി സംവിധായകൻ വി.കെ. പ്രകാശിനെ സമീപിക്കുന്നത്. കഥയുടെ ത്രെഡ് കേട്ട ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സംവിധായകൻ ഇവരെ കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും, കഥയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മദ്യം ഓഫര്‍ ചെയ്യുകയും ചെയ്തു. അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നും യുവതിയോട് സംവിധായകന്‍ ചോദിച്ചു. താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും രംഗം അവതരിപ്പിച്ച് കാണിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതോടെ അവർ അസ്വസ്ഥയായി ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ യുവതിയെ ഫോണില്‍ വിളിച്ച് സംഭവം പുറത്തു പറയാതിരിക്കാന്‍ പ്രതിഫലം വാഗ്ദാനം ചെയ്തു. പിന്നാലെ മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ അയച്ചതായുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതി നല്‍കിയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് വി.കെ. പ്രകാശിനെതിരായ തെളിവുകൾ പൊലീസിന് ലഭിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ സിനിമാ താരങ്ങൾ ഉൾപ്പെടെ സിനിമാ രംഗത്തുള്ള ഒട്ടേറെ പേർക്കെതിരെ ലൈംഗിക ആരോപണം ഉയർന്നിരുന്നു. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.