NEWSROOM

യുവതിയുടെ ലൈംഗികാതിക്രമ പരാതി; അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി നടന്‍ നിവിൻ പോളി

പരാതിയില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് നടന്‍റെ തീരുമാനം

Author : ന്യൂസ് ഡെസ്ക്

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ അഭിഭാഷകരുമായി കൂടികാഴ്ച്ച നടത്തി നടന്‍ നിവിൻ പോളി. പരാതിയില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് നടന്‍റെ തീരുമാനം.  എഫ്ഐആർ പകർപ്പുമായാണ് നടന്‍ നിയമ വിദഗ്ധനെ കണ്ടത്. തൻ്റെ  സിനിമ ജീവിതം തകർക്കാനുള്ള ശ്രമമാണിതെന്ന് നിവിൻ അഭിഭാഷകനെ അറിയിച്ചു. എന്നാൽ നിവിൻ പോളി മുൻകൂർജാമ്യം തേടില്ലപകരം കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരിക്കും ഹൈക്കോടതിയെ സമീപിക്കുകയെന്നാണ് വിവരം.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതി നിവിന്‍ പോളിക്കെതിരെ നല്‍കിയ പരാതി. കോതമംഗലം ഊന്നുകല്‍ പൊലീസാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

നിവിന്‍ പോളിയടക്കം ആറ് പേര്‍ക്കെതിരെയാണ് കേസ്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയ ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി നിർമാതാവ് എകെ സുനിലാണ് , മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ എന്നവരാണ് കേസിലെ മറ്റ് പ്രതികള്‍. ആറു ദിവസം തടങ്കലില്‍ വച്ച് പീഡിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. ദുബായ് അടക്കം മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

അതേസമയം, പീഡനാരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്ന് നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞു.  ആരോപണം അടിസ്ഥാന രഹിതമാണ്. ഇതാദ്യമായാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണം വരുന്നത്. നിയമത്തിന്‍റെ എല്ലാ വഴികളും സ്വീകരിക്കും. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും സഹകരിക്കാന്‍ തയാറാണ്. ഒന്നരമാസം മുന്‍പ് ഊന്നുകല്‍ പൊലീസില്‍ നിന്ന് വിളിച്ചിരുന്നു, വ്യാജാരോപണം ആണെന്ന് അന്ന് തന്നെ അറിയിച്ചതാണ്. ഇത് മനപൂര്‍വമുള്ള പരാതിയാണ്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് മനസിലാക്കുന്നതെന്നും നിവിന്‍ പോളി പറഞ്ഞു.

SCROLL FOR NEXT