NEWSROOM

ലൈംഗികാതിക്രമ പരാതി: വി.എസ്. ചന്ദ്രശേഖരൻ രാജിവെച്ചു

കെപിസിസി നിയമസഹായ സെൽ ചെയർമാൻ സ്ഥാനവും, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് വി. എസ്. ചന്ദ്രശേഖരൻ രാജിവെച്ചത്

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാതിക്രമ പരാതിയെ തുടർന്ന് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ വി. എസ്. ചന്ദ്രശേഖരൻ രാജിവെച്ചു. കെപിസിസി നിയമസഹായ സെൽ ചെയർമാൻ സ്ഥാനവും, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് വി. എസ്. ചന്ദ്രശേഖരൻ രാജിവെച്ചത്. പീഡന പരാതി ഉയർന്നുവന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജിയെന്ന് ചന്ദ്രശേഖരൻ അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് രാജിക്കത്ത് കൈമാറി.


നടിയുടെ ആരോപണം നുണയാണെന്ന് വി. എസ്. ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നടിക്കൊപ്പം കാറിൽ യാത്ര ചെയ്തിട്ടില്ലെന്നും തനിക്കെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും, തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ പൊതുജീവിതവും പ്രഫഷണൽ ജീവിതവും അവസാനിപ്പിക്കുമെന്നും അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു.

ഷൂട്ടിങ് ലൊക്കേഷനായ ബോൾഗാട്ടി പാലസ് കാണിക്കാൻ കൊണ്ടുപോകുന്നതിനിടെ, ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നും മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ആരോപണം ഉന്നയിച്ച നടിയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തി. സിനിമാ താരങ്ങളടക്കം ഏഴ് പേര്‍ക്കെതിരെ നടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ പൊലീസ് പിന്നീട് തീരുമാനമെടുക്കും.

SCROLL FOR NEXT