ലൈംഗിക പീഡന പരാതിയിൽ പ്രമുഖ നൃത്ത സംവിധായകൻ ജാനി മാസ്റ്റർ കുറ്റസമ്മതം നടത്തിയതായി പൊലീസ്. ജാനിയെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബലാത്സംഗം ചെയ്തെന്ന സഹപ്രവർത്തകയുടെ പരാതിയിലാണ് നടപടി. എന്നാൽ സംഭവം ഗൂഢാലോചനയാണെന്ന് ജാനിയുടെ ഭാര്യ ആരോപിച്ചു.
ആറ് വർഷം തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന സഹപ്രവർത്തകയുടെ പരാതിയിലാണ് പ്രമുഖ സിനിമാ നൃത്തസംവിധായകനായ ജാനി മാസ്റ്ററിന്‍റെ കുറ്റസമ്മതം. അതേസമയം ജാനിക്കെതിരായ ആരോപണങ്ങൾ ഗൂഢാലോചന ആണെന്നാണ് ഭാര്യ ആയിഷയുടെ വാദം. വിഷയത്തിൽ കൃത്യമായ തെളിവുകൾ നൽകണമെന്നും ആയിഷ വ്യക്തമാക്കി.
Also Read: ലൈംഗികാതിക്രമ പരാതി; കൊറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ അറസ്റ്റില്‍
ജാനിക്കെതിരായ തെളിവുകൾ ശക്തമാണെന്നും ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും പൊലീസിനെ ഉദ്ധരിച്ച് തെലങ്കാനയിലെ ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഐപിസി സെക്ഷൻ പ്രകാരം ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, പോക്‌സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപാണ് പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന വെളിപ്പെടുത്തലിലാണ് പോക്‌സോ ചുമത്തിയത്.
സെപ്റ്റംബർ 16നാണ് ജാനി മാസ്റ്റർക്കെതിരെ സഹപ്രവർത്തക ലൈംഗിക പീഡനാരോപണം ഉന്നയിച്ചത്. 2017ൽ ഒരു പരിപാടിയിൽ വെച്ചാണ് മാസ്റ്ററെ കണ്ടുമുട്ടിയതെന്നും രണ്ട് വർഷത്തിനു ശേഷം അസിസ്റ്റൻ്റ് കൊറിയോഗ്രാഫറായി ജോലി വാഗ്ദാനം ചെയ്തതായും യുവതി പറയുന്നു.
ഒരുമിച്ചുള്ള ചിത്രീകരണം നടക്കവെ പല നഗരങ്ങളില്‍ വെച്ചും ലൈംഗികാതിക്രമത്തിന് ഇരയായെന്നും പുറത്ത് പറഞ്ഞാൽ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പരാതിയിൽ പറയുന്നു. തൻ്റെ വീട്ടിൽ വെച്ചും ചൂഷണത്തിന് ഇരയായെന്നും യുവതി വെളിപ്പെടുത്തി. തുടർന്ന് ഒളിവിൽപ്പോയ ജാനിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.