NEWSROOM

'കഥ പറയാനെത്തിയപ്പോള്‍ മോശമായി പെരുമാറി'; സംവിധായകന്‍ വി.കെ. പ്രകാശിനെതിരെ യുവ കഥാകൃത്ത്

രണ്ട് വര്‍ഷം മുന്‍പ് കൊല്ലത്തെ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവമെന്ന് യുവതി

Author : ന്യൂസ് ഡെസ്ക്

സംവിധായകന്‍ വി.കെ പ്രകാശ് മോശമായി പെരുമാറിയെന്ന് യുവ കഥാകൃത്തിന്‍റെ വെളിപ്പെടുത്തല്‍. കഥ പറയാനെത്തിയപ്പോള്‍ അപമര്യാദയായി സംവിധായകന്‍ പെരുമാറിയെന്ന് യുവതി ആരോപിച്ചു. രണ്ട് വര്‍ഷം മുന്‍പ് താന്‍ എഴുതിയ കഥ സിനിമയാക്കുന്നതിനായി വി.കെ പ്രകാശിനെ സമീപിച്ചിരുന്നു. കഥയുടെ ത്രെഡ് കേട്ട ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി.

കഥയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മദ്യം ഓഫര്‍ ചെയ്തു. അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നും യുവതിയോട് സംവിധായകന്‍ ചോദിച്ചു. താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും രംഗം അവതരിപ്പിച്ച് കാണിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു. ഇതിനിടെ ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചതോടെ യുവതി അസ്വസ്ഥയായി ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ യുവതിയെ ഫോണില്‍ വിളിച്ച് സംഭവം പുറത്തു പറയാതിരിക്കാന്‍ പ്രതിഫലം വാഗ്ദാനം ചെയ്തു. പിന്നാലെ മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ അയച്ചാതായും യുവതി വെളിപ്പെടുത്തി. ഡിജിപിക്കും യുവതി പരാതി നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ വിഷയം തുറന്നുപറയുന്നത്. ആ സംഭവത്തിന് ശേഷം സിനിമാ മേഖല തന്നെ ഉപേക്ഷിക്കേണ്ടി വന്നെന്നും യുവതി പറഞ്ഞു.

സിനിമ മേഖലയിലെ കൂടുതല്‍ പേര്‍ക്കെതിരെ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നടന്‍ ബാബുരാജും സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനും പീഡിപ്പിച്ചെന്ന് ആരോപിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി രംഗത്തുവന്നിരുന്നു. നടന്മാരായ മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, അഡ്വ. ചന്ദ്രശേഖരന്‍ വി.എസ്, വിച്ചു എന്നിവര്‍ക്കെതിരെ നടി മിനു മുനീറും വെളിപ്പെടുത്തലുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.  സംവിധായകന്‍ തുളസീദാസ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് നടി ഗീതാ വിജയനും പരാതി ഉന്നയിച്ചിട്ടുണ്ട്. 

SCROLL FOR NEXT