NEWSROOM

ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; ബാലചന്ദ്ര മേനോനെതിരെ പരാതിയുമായി നടി

2007 ജനുവരിയിൽ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗീക അതിക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചുവെന്നും, മുറിയിൽ കയറി വന്ന് ലൈംഗിക അതിക്രമം നടത്തിയതായും നടി പറയുന്നു.

Author : ന്യൂസ് ഡെസ്ക്

നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ പീഡന പരാതിയുമായി നടി. ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ആലുവ സ്വദേശിയായ നടിയാണ് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്.

2007 ജനുവരിയിൽ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗീക അതിക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചുവെന്നും, മുറിയിൽ കയറി വന്ന് ലൈംഗിക അതിക്രമം നടത്തിയതായും നടി പറയുന്നു. പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും നടി ആരോപിച്ചു. ഭയപ്പെട്ടതുകൊണ്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നുമാണ് നടിയുടെ വിശദീകരണം.

ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചിരുന്നു. നേരത്തെ ആലുവ സ്വദേശിയായ ഈ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്നാരോപിച്ച് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

നടിയുടെ അഭിഭാഷകൻ ഫോണിൽ മൂന്ന് തവണ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ബാലചന്ദ്ര മേനോൻ നൽകിയ പരാതി. സെപ്റ്റംബർ 13നാണ് ബാല ചന്ദ്രമേനോന് ആദ്യ കോള്‍ വരുന്നത്. അഡ്വ. സന്ദീപ് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി നടനെതിരെ മൂന്ന് പീഡനക്കേസുകള്‍ വരുന്നതായി പറഞ്ഞു.അടുത്ത ദിവസം ആലുവയിലെ നടി ബാലചന്ദ്രന്‍റെ മേനോന്‍റെ ഫോട്ടോ "കമിങ് സൂണ്‍" എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, പരാതികളില്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് നടി വ്യക്തമാക്കി.

SCROLL FOR NEXT