NEWSROOM

"എസ്എഫ്ഐ നിലനിൽക്കുന്നത് ഇടിമുറികളിലെ ഭീകരതയിൽ"- എം വിൻസൻ്റ്; സഭയിലെ ചർച്ചാവിഷയമായി എസ്എഫ്ഐ ക്യാമ്പസ് രാഷ്ട്രീയം

എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Author : ന്യൂസ് ഡെസ്ക്

എസ്എഫ്ഐയുടെ ക്യാമ്പസ് രാഷ്ട്രീയം സഭയിൽ മുഖ്യവിഷയമാക്കി പ്രതിപക്ഷം. കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രി എം വിൻസെൻ്റ് എസ്എഫ്ഐക്കെതിരെ വിമർശനങ്ങളുന്നയിച്ചത്. എല്ലാ കോളേജുകളിലും ഇടിമുറികളുണ്ടെന്നും എംഎൽഎ ആരോപിച്ചു. പ്രത്യയശാസ്ത്രത്തിൻ്റെ അടിത്തറയിലല്ല, മറിച്ച് ഇടിമുറികളിലെ ഭീകരതയിലാണ് എസ്എഫ്ഐ നിലനിൽക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പാർട്ടി ഇന്ന് കേരളത്തിന് ഒരു ബാധ്യതയായി മാറിയെന്നും എംഎൽഎ ചൂണ്ടികാട്ടി.

എന്നാൽ എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ - കെഎസ്‌യു സംഘർഷത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്ന് പിണറായി വിജയൻ വ്യക്തമാക്കി. പുറത്തുനിന്ന് ഒരാൾ ക്യാമ്പസിൽ പ്രവേശിച്ചതിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇടിമുറികളിലൂടെ വളർന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ എന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

35 എസ്എഫ്ഐ പ്രവർത്തകരാണ് ഇതുവരെ ക്യാമ്പസുകളിൽ കൊല്ലപ്പെട്ടത്. ഇത്തരം അനുഭവങ്ങൾ കെഎസ്‌യുവിന് പറയാനുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിൻ്റെ പ്രധാന നേതാവ് ധീരജിൻ്റെ അരുംകൊല ഇരന്നു വാങ്ങിയതാണെന്ന് പറഞ്ഞ് നിർലജ്ജം ന്യായീകരിച്ചെന്നും പിണറായി വിജയൻ പറഞ്ഞു.  അതേസമയം നെറികെട്ട രാഷ്ട്രീയത്തിൻ്റെ ഇൻക്യുബേറ്ററിൽ വിരിയിച്ചെടുക്കുന്ന എസ്എഫ്ഐ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകൂ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ പിണറായി വിജയന് നൽകിയ മറുപടി. 




SCROLL FOR NEXT