എസ്എഫ്ഐ സംസ്ഥാന കമ്മറ്റിക്ക് ഇനി പുതിയ നേതൃത്വം. പി.എം. ആർഷോയ്ക്ക് പകരം പി.എസ്. സഞ്ജീവ് പുതിയ സംസ്ഥാന സെക്രട്ടറിയാകും. എം.ശിവപ്രസാദ് സംസ്ഥാന പ്രസിഡൻ്റും. കെ. അനുശ്രീയുടെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എസ്എഫ്ഐയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത സെക്രട്ടറി എന്ന സാധ്യതയായിരുന്നു ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ ഉയർന്നുകേട്ടത്. എന്നാൽ ഒടുവില്‍ പി.എസ്. സഞ്ജീവിനെ തെരഞ്ഞെടുക്കുകയായിരുന്നു. 85 അംഗ സംസ്ഥാന കമ്മറ്റിയെ ആയിരിക്കും സമ്മേളനത്തില്‍ തെരഞ്ഞെടുക്കുക.
ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം. ശിവപ്രസാദ്. 2023ൽ നടന്ന എസ്എഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2022 മുതൽ സിപിഎം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗമാണ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ബാലസംഘം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാവിവത്കരണം ചെറുക്കണമെന്ന് സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രമേയത്തിൽ പറയുന്നു. നാല് ദിവസത്തെ എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.