വി.പി സാനു 
NEWSROOM

അടിയന്തരാവസ്ഥയുടെ കറ സ്വന്തം കൈയ്യില്‍ നിന്ന് കഴുകി കളഞ്ഞിട്ട് എസ്എഫ്‌ഐയെ ഉപദേശിക്കാം: വി.പി സാനു

ഗുരുദേവ കോളേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ അടിച്ച് ചെവി പൊട്ടിച്ചിരിക്കുകയാണ്. പക്ഷെ എസ്എഫ്‌ഐ അധ്യാപകനെ മര്‍ദിച്ചു എന്ന നിലയ്ക്കാണ് വിഷയം എടുക്കുന്നത്

Author : കവിത രേണുക

കാര്യവട്ടം ക്യാംപസിലും കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലുമുള്‍പ്പെടെ എസ്എഫ്‌ഐയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളിലും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ 'എസ്എഫ്‌ഐ ചരിത്രം പഠിക്കണം' എന്ന വിമര്‍ശനങ്ങളിലും പ്രതികരണവുമായി എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു.  ന്യൂസ് മലയാളത്തോടായിരുന്നു സാനുവിൻറെ പ്രതികരണം

കെഎസ്‌യു കേരളത്തിലെ കലാലയങ്ങളില്‍ സജീവമായിരുന്ന കാലത്തൊന്നും വിദ്യാര്‍ഥി രാഷ്ട്രീയം മോശമാണ് എന്ന ചര്‍ച്ച കേരളത്തില്‍ ഉണ്ടായിട്ടില്ല. എഴുപതുകളില്‍ എസ്എഫ്‌ഐ രൂപീകരിക്കുന്ന ഘട്ടത്തില്‍ എസ്എഫ്‌ഐയെ അടിച്ചമര്‍ത്തി ഇല്ലായ്മ ചെയ്യാനുള്ള വലിയ ശ്രമം കെഎസ്‌യു നടത്തിയിട്ടുണ്ട്. അന്ന് കേരളത്തിലെ മാധ്യമങ്ങള്‍ ഇത്ര മാത്രം ഇല്ല എന്നത് സത്യം തന്നെയാണ്. എന്നാല്‍ അന്നൊന്നും വിദ്യാര്‍ഥി രാഷ്ട്രീയം മോശമാണെന്ന തരത്തില്‍ പ്രചരണം ഉണ്ടായിട്ടില്ല.

എന്നാല്‍ 1980കള്‍ക്ക് ശേഷം എസ്എഫ്‌ഐ കേരളത്തില്‍ ശക്തമായ സംഘടനയായി മാറി. 90കളോട് കൂടി നവ ഉദാരവൽക്കരണ നയങ്ങള്‍ കൂടി വന്നതിന് ശേഷമാണ് വിദ്യാര്‍ഥി രാഷ്ട്രീയം മോശമാണ് എന്ന ചര്‍ച്ച കേരള രാഷ്ട്രീയത്തില്‍ ശക്തമാവാൻ തുടങ്ങിയത്. എസ്എഫ്‌ഐയെ ക്യാംപസുകളില്‍ നിന്ന് അകറ്റുക എന്നതിനാണ് പ്രധാനമായും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരും മറ്റു പൊതു മണ്ഡലത്തില്‍ നില്‍ക്കുന്ന ആളുകളും എസ്എഫ്‌ഐ ഒരുപാട് മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കുന്ന സംഘടനയാണ് എന്ന് കരുതുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ ഒരാളുടെ ജീവന്‍ പോലും എസ്എഫ്‌ഐയുടെ കൈ കൊണ്ട് നഷ്ടപ്പെട്ടിട്ടില്ല. ധീരജ് രാജേന്ദ്രന്‍ കൊലപ്പെട്ട സമയത്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞത്, എസ്എഫ്‌ഐക്കാരുടെ കൈകൊണ്ട് കൊല്ലപ്പെട്ട നിരവധി കെഎസ്‌യുക്കാര്‍ ഉണ്ടെന്നാണ്. അദ്ദേഹത്തിന് ഒരു പ്രിവിലേജ് ഉണ്ട്. അദ്ദേഹം അത് പറഞ്ഞാല്‍ ഏത് രേഖ വെച്ചിട്ടാണ് നിങ്ങള്‍ ഇത് പറയുന്നത് എന്ന് ചോദിക്കാന്‍ ആര്‍ജവമുള്ള ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് കേരളത്തില്‍ ഉണ്ടോ? അല്ലെങ്കില്‍ അത് മൂളിക്കൊടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍.


കെ.സുധാകരന്‍ അത് പറഞ്ഞ ഉടനെ തന്നെ, കെഎസ്‌യുവിന്റെ വെബ്‌സൈറ്റ് മുഴുവന്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് എടുത്തുവെക്കുകയാണ് ഞാന്‍ ചെയ്തത്. എസ്എഫ്‌ഐ കൊലപ്പെടുത്തിയ ഒരു കെഎസ്‌യുക്കാരന്റെ പേര് പോലും അവര്‍ക്ക് ഇപ്പോഴും ചേര്‍ക്കാന്‍ പറ്റിയിട്ടില്ല. അതായത് ഇത്തരത്തില്‍ ഒരു പൊതുബോധം എസ്എഫ്‌ഐക്കെതിരെ നിലനില്‍ക്കുന്നുണ്ട്. അതിനെ പരമാവധി പര്‍വതീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഏറ്റവും അവസാനം കാര്യവട്ടം ക്യാംപസില്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുന്ന സംഘര്‍ഷം വരെ. കാര്യവട്ടം ക്യാംപസില്‍ പുറത്തുനിന്ന് വന്നിട്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമാണ് ആക്രമണം നടത്തിയത്. അക്രമം നടന്ന ഉടനെ തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് കോളേജില്‍ പ്രത്യക്ഷപ്പെടുന്നു. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ രണ്ട് എംഎല്‍എമാര്‍ വരുന്നു. കാര്യവട്ടം ക്യാംപസ് ആണെന്ന് ഓര്‍ക്കണം. സിറ്റിക്കകത്തുള്ള യൂണിവേഴ്‌സിറ്റി കോളേജോ സംസ്‌കൃത കോളേജോ ഒന്നുമല്ല. അതായത് അവര്‍ എല്ലാവരും വളരെ കൃത്യമായ പ്ലാനിംഗോടുകൂടിയാണ് ഇത് ചെയ്തത്. എന്നാല്‍ അവിടെ നടന്നിട്ടുള്ള ദൃശ്യങ്ങള്‍ കൃത്യമായി പുറത്തുവിടാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നുമില്ല.

ഗുരുദേവ കോളേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ അടിച്ച് ചെവി പൊട്ടിച്ചിരിക്കുകയാണ്. പക്ഷെ എസ്എഫ്‌ഐ അധ്യാപകനെ മര്‍ദിച്ചു എന്ന നിലയ്ക്കാണ് വിഷയം എടുക്കുന്നത്. അതേസമയം കെഎസ്‌യു ക്യാംപിലുണ്ടായ വിഷയങ്ങളുമുണ്ടല്ലോ. അവര്‍ മദ്യപിക്കുന്നു, ലഹരി ഉപയോഗിക്കുന്നു എന്നു പറയുന്നതിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. അത് അവരുടെ വിഷയമാണ്. പക്ഷെ അത് ഒരു എസ്എഫ്‌ഐ ക്യാംപിലാണ് നടന്നിരുന്നതെങ്കില്‍ എന്തായിരിക്കും പുകില്‍. എസ്എഫ്‌ഐ ക്യാംപ് തന്നെ അരാജകത്വം സൃഷ്ടിക്കുന്ന മദ്യപാനികളെ ഉണ്ടാക്കാനാണ് എന്ന് പറയുകയായിരിക്കും ചെയ്യുക. അത് കുട്ടികളാണ് എന്ന് വി.ഡി സതീശന്‍ പറയുന്നതോട് കൂടി മാധ്യമങ്ങള്‍ പോലും കെഎസ്‌യുവിന് നേരെ ഉയരുന്ന ഇത്തരം ആരോപണങ്ങളെ വിട്ടുകളയുകയാണ്. അതിന് മുമ്പ് ഒന്നോ രണ്ടോ മാധ്യമങ്ങള്‍ മാത്രമാണ് അവിടെ മദ്യപിച്ചു എന്ന് പറഞ്ഞത്. മാത്രമല്ല, പരസ്പരം ഏറ്റുമുട്ടി ചോര തെറിച്ച് വീണുകിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അവിടെ ക്യാംപില്‍ പങ്കെടുത്ത ആളുകള്‍ക്ക് ചികിത്സ തേടേണ്ടി വന്നു. അത് എസ്എഫ്‌ഐ പോയി അക്രമം നടത്തിയതല്ല. അവര്‍ തന്നെ തമ്മില്‍ ഉണ്ടായതാണ്.


കണ്ണൂരിലെ കോളേജില്‍ അവരുടെ തന്നെ എഡിറ്ററായിരുന്ന ആളെ കൊലപ്പെടുത്തിയ ആള്‍ക്കാരാണ് കെഎസ്‌യുക്കാര്‍. ആ സംഘടനയുടെ ഇന്ന് നേതൃത്വത്തിലിരിക്കുന്ന കെ.സി വേണുഗോപാല്‍ പയ്യന്നൂരിലെ കോളേജിലെ അധ്യാപകനെ ഡിപാര്‍ട്ട്‌മെന്റില്‍ കയറി അടിച്ചതിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആളാണ്. എസ്എഫ്‌ഐ ഒരു പ്രശ്‌നവുമില്ലാത്ത സംഘടനയാണെന്ന് പറയുന്നില്ല. ചിലപ്പോള്‍ തിരുത്താന്‍ സമയവുമെടുക്കും. എസ്എഫ്‌ഐക്കെതിരെ തുടര്‍ച്ചയായി കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ടുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ എസ്എഫ്‌ഐക്കാരന്‍ പ്രിന്‍സിപ്പാളിനോട് സംസാരിക്കുന്നതില്‍ തെറ്റ് വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ടതാണ്. അത് നിയമപരമായി നേരിടേണ്ടതാണെങ്കില്‍ അങ്ങനെ നേരിടും അല്ല സംഘടനാപരമായി നടപടി സ്വീകരിക്കേണ്ടതാണെങ്കില്‍ അതും ചെയ്യും.

ഞാന്‍ നേരത്തെ പറഞ്ഞതു പോലെ എസ്എഫ്‌ഐക്ക് പ്രശ്‌നമുള്ള തലങ്ങളുണ്ട്. ഇടപെടുമ്പോള്‍ പ്രശ്‌നങ്ങള്‍ സംഭവിക്കും, തെറ്റുകള്‍ ഉണ്ടാകും. തിരുത്തി മുന്നോട്ട് പോവുക എന്നതാണ്. കഴിഞ്ഞ ദിവസം സിപിഐയുടെ നേതാവ് ബിനോയ് വിശ്വം അത്തരത്തിലുള്ള ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ ഐക്യം എന്നതില്‍ തന്നെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. എസ്എഫ്‌ഐ ദേശീയ തലത്തില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകളെയും ഒരുമിച്ച് നിര്‍ത്തിക്കൊണ്ട് സംഘപരിവാറിനെതിരെ, നീറ്റും നെറ്റുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിഷയത്തിനെതിരെ സമരം ചെയ്തിട്ടുള്ള സംഘടനയാണ്. ചരിത്രം പഠിക്കണം എന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. ഞങ്ങള്‍ ചരിത്രം പഠിക്കുന്നവരാണ്. ചരിത്രം പറഞ്ഞു കൊണ്ട് തന്നെ ക്ലാസും സംഘടന എടുക്കാറുണ്ട്. ആ ക്ലാസില്‍ ഞങ്ങള്‍ പ്രധാനമായും എടുക്കുന്ന ഒരു ഭാഗം അടിയന്തരാവസ്ഥയാണ്. അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചെയ്ത പണി എന്താണ് എന്ന് കൂടി ചിന്തിക്കണം. അടിയന്തരാവസ്ഥയുടെ കറ സ്വന്തം കൈയ്യില്‍ നിന്ന് കഴുകി കളഞ്ഞതിന് ശേഷം എസ്എഫ്‌ഐയെ ഉപദേശിക്കാം.


ഞങ്ങളെ ഉപദേശിക്കുന്നതിന് കുഴപ്പമില്ല. അതിന് കൂടെ നില്‍ക്കുന്നവരാണോ, എതിരാളികളാണോ, ഇടതുപക്ഷക്കാര്‍ തന്നയാണോ എന്ന കാര്യമൊന്നും പ്രശ്‌നമുള്ളതല്ല. ഒരു തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അത് യഥാര്‍ത്ഥത്തില്‍ തെറ്റായിട്ട് നില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും തിരുത്തേണ്ടതാണെങ്കില്‍ തിരുത്താനും ഞങ്ങള്‍ക്ക് യാതൊരു മടിയുമില്ല. ചില ആളുകള്‍ അത് പറയുമ്പോള്‍ അവരുടെ കൈയ്യില്‍ കൂടി ചില കറകള്‍ ഉണ്ട് എന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിക്കും.

കാര്യവട്ടവുമായി ബന്ധപ്പെട്ട കേസില്‍ തെറ്റ് കണ്ടിട്ടില്ല. കാരണം, കൃത്യമായി പുറത്ത് നിന്ന് ആസൂത്രിതമായി കാര്യങ്ങള്‍ തീരുമാനിച്ച് അവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയാണ് ചെയ്തിട്ടുള്ളത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏതെങ്കിലും നിലയ്ക്കുള്ള പ്രകോപനം ഉണ്ടാക്കിയിട്ടില്ല. പുറത്തുനിന്ന് വന്നിട്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിക്കുന്നത്. അവര്‍ തന്നെയാണ് കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡുമാരെ മര്‍ദിക്കുന്നതും. ഇതാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുള്ള വിഷയം.

ഗുരുദേവ് കോളേജ് വിഷയത്തില്‍ നേരത്തെ പറഞ്ഞതുപോലെ അധ്യാപകനാണ് വിദ്യാര്‍ഥിയുടെ ചെവി അടിച്ച് തകര്‍ത്തത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. വയനാട് വെറ്റെറിനറി കോളേജിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരായിട്ടുള്ള നാല് പേര്‍ പ്രതികളായി വന്നിട്ടുണ്ട്. അവരെ ഞങ്ങള്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. സിബിഐ അന്വേഷണം കഴിഞ്ഞ ശേഷം മുഴുവന്‍ ആളുകള്‍ക്കും ജാമ്യം കിട്ടി. ആ സിബിഐ റിപ്പോര്‍ട്ട് എന്താണ് എന്ന് പുറത്ത് വന്നിട്ടുണ്ടല്ലോ. കോടതി ഇവരുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പരാമര്‍ശവും എന്താണെന്ന് ഞാന്‍ പറയുന്നില്ല.

ഒരു മാധ്യമം എങ്കിലും വാര്‍ത്ത കൊടുത്തിട്ടുണ്ടോ? ഈ കേസില്‍ കേരള പൊലീസിന്റെ അന്വേഷണം പറ്റില്ലെന്ന ആവശ്യം ഉന്നയിച്ചത് പ്രതിപക്ഷമാണ്. ഈ പറയുന്ന ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥിൻറെ രക്ഷിതാക്കള്‍ ആണ് അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടത്. അത് കഴിഞ്ഞ് സിബിഐ അന്വേഷിച്ച് കുറ്റപത്രം കൊടുത്തപ്പോഴാണ് ജാമ്യം കിട്ടിയത്. അത് കഴിഞ്ഞ് വന്ന കോടതി റിപ്പോര്‍ട്ടില്‍ എസ്എഫ്ഐക്ക് പങ്കില്ല എന്നും കൃത്യമായി പറയുന്നുണ്ട്. പങ്കുള്ളത് ആര്‍ക്കൊക്കെയാണ് എന്നും പറയുന്നുണ്ട്. അതിലേക്ക് നയിച്ച കാരണങ്ങളും പറയുന്നുണ്ട്. മാധ്യമങ്ങള്‍ അന്തിച്ചര്‍ച്ചകളില്‍ ഏറ്റവും ഭീകരമായി എസ്എഫ്‌ഐയെ ആക്രമിച്ചത് ഈ വിഷയം പറഞ്ഞുകൊണ്ടായിരുന്നു. എന്നിട്ട് ഈ വിഷയം ഏതെങ്കിലും ഒരു മാധ്യമം പറഞ്ഞിട്ടുണ്ടോ? അന്ന് കോണ്‍ഗ്രസ് നടത്തിയ ജാഥയും പൊളിഞ്ഞു. ബിജെപി നടത്തിയ യാത്രയും പൊളിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടതുപക്ഷത്തെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് മാധ്യമങ്ങള്‍ ഈ വിഷയം അതിഭീകരമായി അവതരിപ്പിച്ചത്. എന്നാല്‍ അതിൻറെ അന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇതാണ് റിപ്പോര്‍ട്ട് എന്ന് പറഞ്ഞ് ഒരു വരി വാര്‍ത്ത പോലും കൊടുത്തിട്ടില്ല.

SCROLL FOR NEXT