NEWSROOM

ഷാബാ ഷെരീഫ് കൊലക്കേസ്; ശിക്ഷാവിധി ഇന്ന്, കേസിൽ നിർണായകമായത് ഡിഎൻഎ പരിശോധന

ശാസ്ത്രീയ പരിശോധന ഫലവും കേസിലെ ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി നൗഷാദ് എന്ന മോനു (42)വിന്റെ സാക്ഷി മൊഴികളും ആണ് കേസിൽ നിർണായകമായത്.

Author : ന്യൂസ് ഡെസ്ക്

പ്രമാദമായ ഷാബാ ഷെറീഫ്‌ വധക്കേസിൽ ശിക്ഷവിധി ഇന്ന്. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ്‌, രണ്ടാം പ്രതിയായ ഷൈബിന്റെ മാനേജർ, ആറാം പ്രതിയായ ഷൈബിന്റെ ഡ്രൈവർ എന്നിവർ കുറ്റക്കാരെന്നാണ് മഞ്ചേരി അഡീഷണൽ ജില്ല സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ശാസ്ത്രീയ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ അന്വേഷിച്ച വധകേസിലെ, വിധി ജഡ്ജ് തുഷാർ എം ആണ് പ്രസ്താവിക്കുന്നത്.


ഭാരതീയ ശിക്ഷ നിയമം 304 മനഃപൂർവമല്ലാത്ത നരഹത്യ,, 120B ഗൂഢാലോചന,201 തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൃതദേഹമോ, മൃതദേഹ ഭാഗങ്ങളോ കണ്ടെത്താൻ സാധിക്കാത്ത കേരളത്തിലെ ആദ്യത്തെ വധകേസിലാണ് നിർണായക വിധിയുണ്ടാകുക. പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളെ മാത്രമാണ് പോലീസ് പരിഗണിച്ചത്. ഈ തെളിവുകൾ പരിശോധിച്ച മഞ്ചേരി അഡിഷണൽ സെഷൻസ് കോടതി, മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ്‌, രണ്ടാം പ്രതിയും ഷൈബിന്റെ ഡ്രൈവറുമായിരുന്ന ഷിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാർ ആണെന്ന് കണ്ടെത്തി.

2019 ഓഗസ്റ്റിലാണ് കേസിന്നാസ്പദമായ സംഭവം. മൈസൂരു സ്വദേശിയും മൈസൂരു സ്വദേശിയും പാരമ്പര്യ വൈദ്യനുമായ ഷാബാ ഷെരീഫിനെ മൂലക്കുരുവിൻ്റെ ഒറ്റമൂലി രഹസ്യം അറിയാൻ വേണ്ടി നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫിൻ്റെ സംഘം തട്ടിക്കൊണ്ടു പോയി ഒരു വർഷത്തിൽ അധികം ഷൈബിൻ്റെ മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചെന്നും പിന്നീട് 2020 ഒക്ടോബറിൽ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് കേസ്.

മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതു കൊണ്ടുതന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലവും കേസിന് ലഭിച്ചില്ല. കേസിൽ നിർണായകമായത് ഷബാ ഷരീഫിന്റെ തലമുടിയുടെ മൈറ്റോകോൺട്രിയ ഡിഎൻഎ പരിശോധന ഫലം ആണ്. ഷൈബിൻ അഷ്റഫിന്റെ കാറിൽ നിന്നാണ് തലമുടി കണ്ടെത്തിയത്. ഇത് ഷാബാ ഷെരീഫിന്റെ ആണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഈ ശാസ്ത്രീയ പരിശോധന ഫലവും കേസിലെ ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി നൗഷാദ് എന്ന മോനു (42)വിന്റെ സാക്ഷി മൊഴികളും ആണ് കേസിൽ നിർണായകമായത്.

88 ദിവസം കൊണ്ടാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി പ്രസ്താവം. ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ ഉൾപ്പടെ 9 പ്രതികളെ കേസിൽ കോടതി വെറുതെ വിട്ടിരുന്നു.

SCROLL FOR NEXT