NEWSROOM

എഡിജിപി-തില്ലങ്കേരി കൂടിക്കാഴ്ച: പിണറായിയുടെ പൊളിറ്റ് ബ്യൂറോ നാഗ്പൂരിലാണെന്ന് ഷാഫി പറമ്പില്‍

മലപ്പുറം പരാമർശം മുഖ്യമന്ത്രി തിരുത്താൻ വൈകിയത് എന്തുകൊണ്ടാണെന്നും എംപി ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. ഇതിലും ഭേദം എഡിജിപി കാക്കി ട്രൗസറിട്ട് നടക്കുന്നതാണെന്നും പിണറായിയുടെ പൊളിറ്റ് ബ്യൂറോ നാഗ്പൂരിലാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

എഡിജിപിയെ മാറ്റാത്തത് ആർഎസ്എസിൻ്റെ അനുമതി കിട്ടാത്തത് കൊണ്ടാണ്. കേരളത്തിൽ നടക്കുന്നത് 'പിആർഎസ്എസ്' (പിണറായി-ആർഎസ്എസ്)  ഭരണമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
മലപ്പുറം പരാമർശം മുഖ്യമന്ത്രി തിരുത്താൻ വൈകിയത് എന്തുകൊണ്ടാണെന്നും എംപി ചോദിച്ചു.

Also Read: അഭിമുഖം വിവാദമായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിക്കുന്നു, പിണറായി വിജയന്‍ സ്ഥാനമൊഴിഞ്ഞ് മാപ്പ് പറയണം: പി.വി. അന്‍വര്‍

കേരളത്തിലെ പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയുമായി ഓഗസ്റ്റ് നാലിനു കല്‍പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. നാലു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയുടെ വിവരം പുറത്തു വന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. വിഷയത്തില്‍ ഇന്‍റലിജന്‍സ് ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ആർഎസ്എസ് നേതാക്കളെ കണ്ടുവെന്നു പറയുന്ന സമയത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എഡിജിപി വയനാട്ടിലായിരുന്നു.

തൃശൂർ പൂരം അലങ്കോലമായ ദിവസം വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള ആർഎസ്എസ് നേതാക്കളുടെ നേതൃത്വത്തില്‍ മന്ത്രിമാർക്കു നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമമുണ്ടായതായി സിപിഐ നേതാവ് വി.എസ്. സുനില്‍കുമാർ ആരോപിച്ചിരുന്നു.

അതേസമയം, തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ പുനരന്വേഷണത്തിന് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. എന്നാല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടതുപോലെ ജുഡീഷ്യല്‍ അന്വേഷണമുണ്ടാകില്ലെന്നാണ് സൂചന.

SCROLL FOR NEXT