NEWSROOM

അവഗണിക്കാനാണ് തീരുമാനമെങ്കില്‍ പറ്റുന്ന പോലെ ചേര്‍ത്തുപിടിക്കും; വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കണം: ഷാഫി പറമ്പില്‍

സർക്കാരിൻ്റെ അനുമതിയില്ലാതെ യുഡിഎഫിൻ്റെ നേതൃത്വത്തിൽ 20 വീടുകൾ വിലങ്ങാടുകാർക്ക് നൽകുമെന്നും എംപി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

വിലങ്ങാടിനോട് സർക്കാർ ചെയ്തത് അവഗണനയാണെന്നും, അത് തിരുത്താൻ തയ്യാറാകണമെന്നും ഷാഫി പറമ്പിൽ എംപി. വിലങ്ങാടിനു നീതി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എംപി. വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.



യുഡിഎഫിനോട് ആവശ്യപ്പെട്ടത് പ്രകാരം സർക്കാരിനോട് ചേർന്ന് 20വീടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിൻ്റെ അനുമതിയില്ലാതെ യുഡിഎഫിൻ്റെ നേതൃത്വത്തിൽ 20 വീടുകൾ വിലങ്ങാടുകാർക്ക് നൽകുമെന്നും എംപി അറിയിച്ചു. വിലങ്ങാടിനെ അവഗണിക്കാനാണ് തീരുമാനമെങ്കിൽ പറ്റുന്ന പോലെ വിലങ്ങാടിനെ ചേർത്തുപിടിക്കുമെന്നും എംപി പറഞ്ഞു. 

ജനങ്ങൾക്ക് അവിടെത്തന്നെയാണ് പുനരധിവാസം ആവശ്യമെങ്കിൽ അവർക്ക് അവിടെത്തന്നെ വീട്‌ വച്ച് നൽകുമെന്നും ഷാഫി പറമ്പിൽ എംപി അറിയിച്ചു. സമയബന്ധിതമായി പുനരധിവാസം നടപ്പാക്കണം. നിയമസഭ സമ്മേളനം കഴിഞ്ഞ ഉടനെ പ്രഖ്യാപിച്ച വീടുകളിൽ ഒന്നിൻ്റെ നിർമാണം ആരംഭിക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

ഇന്ന് സിപിഐ, പ്രതിപക്ഷ സർവീസ് സംഘടനകളുടെ ഭാഗമായ സർക്കാർ ജീവനക്കാരുടെ പണിമുടക്കിലും ഷാഫി പറമ്പിൽ എം പി പ്രതികരിച്ചു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥ വിരുദ്ധ ജന വിരുദ്ധ സർക്കാരാണ് ഇത്. പണി മുടക്കിയതല്ലെന്നും പണിടുക്കാൻ സർക്കാർ സമ്മതിക്കാത്തതാണെന്നും എംപി പറഞ്ഞു.

കേരളം ഇപ്പോൾ ഭരിക്കുന്നത് ഒരു കുടിശ്ശിക സർക്കാരാണ്. ഈ കുടിശ്ശിക സർക്കാരിൽ നിന്ന് ഒരു മോചനം ജനങ്ങൾ ആഗ്രഹിക്കുന്നു എന്നുള്ളതാണ് സമരത്തിലേക്ക് നയിച്ചതെന്നും എംപി അറിയിച്ചു. ജോയിൻ്റ് കൗൺസിൽ പോലും സമരത്തിലേക്ക് കടക്കേണ്ടി വരുന്ന സ്ഥിതിയിലേക്ക് എത്തി. സാധാരണക്കാർക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും കൊടുക്കാൻ സർക്കാരിന് പണമില്ലെന്നും സർക്കാർ ക്രിമിനലുകൾക്ക് ഒപ്പമാണെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.

SCROLL FOR NEXT